2009-12-15

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും -------?

                      പണ്ടായിരുന്നെങ്കില്‍ ഈ ചോദ്യത്തിനു ഭവാന്‍ എന്നു ഉത്തരം നല്‍കാമായിരുന്നു.. ഇപ്പോളോ??

ലോകത്തില്‍ ഏറ്റവും പണക്കാരനും പ്രശസ്തനും ആയ കായികതാരങ്ങളില്‍ ഒരാളായിരുന്നു നമ്മുടെ പുലി കുമാരന്‍(കാട്ടിലെ പുലി ആണെന്നും മരം മുറിക്കുന്ന പുലി ആണെന്നും പലരും പറയുന്നുണ്ട്)


എന്തൊക്കെ ആയിരുന്നു..
ഇപ്പൊ ഭാര്യ വന്നു പറഞ്ഞിരിക്കുന്നു.. ഗോള്‍ഫ് കളിക്കാന്‍ പോകുവാണെല്‍ ഇനി വീട്ടില്‍ കേറെണ്ടെന്നു.. അതു കേള്‍ക്കാന്‍ കാത്തിരുന്ന പോലെ accenture പുലിയുമായുള്ള കോണ്ട്രാക്റ്റ് വെട്ടി എന്നുമാണു കേള്‍ക്കുന്നത്..


ഇനി ഗോള്‍ഫ് സ്റ്റിക്ക് എന്നല്ല കടിക്കാന്‍ വരുന്ന പട്ടിയെ തല്ലാന്‍ ഒരു വടി എടുക്കുമ്പോ പ്പോലും  പുലിക്കു കൈ വിറക്കും..

പാവം..


ഓ ടോ: ഒറ്റ പ്രാര്‍ഥനയേ ഉള്ളൂ.. നമ്മുടെ അഞ്ജലി ചേച്ചിക്ക് ഇങ്ങനെ ഒന്നും തോന്നല്ലേ എന്നു..:)

2009-12-07

പ്രിയേട്ടാ.. നമിച്ചിരിക്കുന്നു..

1995: Lawrence Kasdan എന്ന ഹോളിവുഡ് സംവിധായകന്‍ Meg Ryan നെ കേന്ദ്ര കഥാപാത്രം ആക്കി French Kiss എന്നൊരു പടം എടുക്കുന്നു.. 


19998: Anees Bazmee എന്ന ഹിന്ദി (ബോളിവുഡ് എന്ന് ഓമനപ്പേര്‍) സംവിധായകന്‍ Ajay DevganKajol എന്നിവരെ വച്ച്  Pyaar To Hona Hi Tha എന്ന ഒരു പടം ചെയ്യുന്നു.. നേരത്തെ പറഞ്ഞതിന്റെ കോപ്പി.. 


2004: നമ്മുടെ സ്വന്തം പ്രിയേട്ടന്‍.. ആ ഹിന്ദി പടത്തില്‍ കുറച്ചു സ്വതസിദ്ധമായ ശൈലിയും(slapstick comedy) കുറച്ചധികം സ്വന്തം ഷോട്ടുകളും ചേര്‍ത്ത് വെട്ടം എന്ന ഒരു പടം ഒരുക്കുന്നു.. 


2009: ഇതെ പ്രിയേട്ടന്‍ തന്നെ ഈ വെട്ടത്തില്‍ നിന്നു ആ സ്വന്തം ചേര്‍ത്ത കുറെ ഐറ്റംസ് + ഹിന്ദിയിലെ വില പിടിച്ച താരങളും 
താരികകളും സഹിതം ഹിന്ദിയിലോട്ട് കയറ്റി അയച്ചിരിക്കുന്നു.. 
ഇത്തവണ പേര് 



De Dana Dan

നമിച്ചിരിക്കുന്നണ്ണാ നമിച്ച്.. അണ്ണന്‍ തന്നെ പുലി.. 



ഓ ടോ: ഇന്നലെ ഈ പടം കാണാന്‍ പോയി.. പുതുമകള്‍ വലുതായി കാണാഞ്ഞതു കൊണ്ടു(വെട്ടം ഞാന്‍ കുറെ കണ്ടിട്ടുണ്ട്) ഏറെ കുറെ നിസംഗനായിട്ടാണ് ഞാന്‍ ഇരുന്നത്.. പക്ഷെ ചുറ്റും ഇരുന്ന വര്‍ക്കു എന്തായാലും പടം നന്നായി പിടിച്ചിട്ടുണ്ട്.. ഹിറ്റ് മേക്കര്‍ എന്ന പേര്‍ പ്രിയദര്‍ശന്റെ കൈയില്‍ ഭദ്രം....

2009-12-06

നായകന്‍.....

ചെന്നൈ ആവഡിയില്‍ നിന്ന് ക്യാറ്റ് പരീക്ഷ എന്ന പ്രഹസനവും കഴിഞ്ഞു സബര്‍ബന്‍ തീവണ്ടിയില്‍ കയറി വീട് പറ്റാന്‍ നോക്കുന്ന സമയം.. 
തീവണ്ടിയില്‍ ആണെങ്കില്‍ നല്ല തിരക്കും.. ഇടക്ക് ഏതൊ ഒരു സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ആണു ഈ കാഴ്ച കാണുന്നത്.. മുന്നില്‍ ഒരു സീറ്റില്‍ ഇരിക്കുന്ന ഒരു അക്കന്റെ തോളില്‍ ചാരി ഒരു പാമ്പന്‍..
പാമ്പന്‍ എന്ന് പറയുമ്പോള്‍ നമ്മുടെ ബൈജു പ്രൈവറ്റ് ബസില്‍ ജാക്കി വക്കാന്‍ കയറിയ മോഡല്‍ ഒരു ഐറ്റം.. 
അക്കന്റെ മുഖത്തു തെളിഞ്ഞു കാണാം..
എന്നാല്‍ ആരും മൈന്റ്റ് ചെയ്യുന്നുമില്ല.. പാവം അക്കന്റെ മുഖഭാവം കണ്ടപ്പോള്‍ എന്നിലെ പൌരബോധം തിളക്കുന്ന നായകന്‍ ഉണര്‍ന്നു.. 


ഇരുന്ന സീറ്റില്‍ നിന്നും ചാടി എണീറ്റ് നമ്മുടെ പാമ്പന്റെ മുന്നില്‍ ചെന്ന് കലിപ്പിച്ചൊന്നു നോക്കി.. 
അഞ്ചര അടി ഉയരത്തിലുള്ള എന്റെ ഭീമാകാരമായ രൂപം കണ്ടിട്ടാണൊ എന്നറിയില്ല.. അഭ്യാസങ്ങള്‍ക്കൊന്നും നോക്കാതെ അണ്ണാച്ചി പിന്മാറി വേറെ ഒരു മൂലക്കു പോയി സെറ്റില്‍ ആയി..


വില്ലന്മാരെ ഒന്നടങ്കം അടിച്ചോടിച്ച ഒരു നായകന്റെ അഹങ്കാരത്തോടെ ഞാന്‍ ചുറ്റും നോക്കി.. ഒരു പട്ടിയും മൈന്റ് ചെയ്യുന്നില്ല... :(


പോട്ടെ അക്കനെ സഹായിക്കാന്‍ പറ്റിയല്ലോ എന്നും വിചാരിച്ച് തിരിച്ച് എന്റെ സീറ്റില്‍ നോക്കിയപ്പോള്‍ അതാ ഒരു അണ്ണന്‍.. 


പാമ്പനെ വിരട്ടിയ നായകന്റെ പൌരബോധം കൈ വിട്ടു പോയിട്ടില്ലാത്തെ ഞാന്‍ എന്റെ സീറ്റില്‍ ഞെളിഞ്ഞിരിക്കുന്ന അണ്ണനെയും കലിപ്പിച്ചൊന്നു നോക്കി.. അണ്ണന്‍ തിരിച്ചും ഒരു നോട്ടം.. 


എന്താ ചെയ്യാ എന്റെ ഉള്ളിലെ നായകന് പിന്നെ വാതില്‍ക്കല്‍ കാറ്റും കൊണ്ടു യാത്ര ചെയ്തു.. :(

2009-11-13

ഇതു പൂട്ടിയിടാ‍ന്‍ എനിക്കെന്താ വട്ടാണൊ??

പതിവു പോലെ ഗൂഗിള്‍ റീഡറില്‍ കയറി പുതിയ പോസ്റ്റുകള്‍ വായിക്കാന്‍ തുടങ്ങുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കണ്ടത് നമ്മുടെ കുറുപ്പ് തന്റെ കണക്കുപുസ്തകം പൂട്ടുന്നെന്ന്..
അങ്ങനെ സംഭവിക്കാനുള്ള സാധ്യതകളെ കുറിച്ച് തല പുണ്ണാക്കാതെ ഞാന്‍ നേരെ ആ പോസ്റ്റില്‍ പോയപ്പോഴാണ് സംഭവം പിടികിട്ടുന്നത്.. ഒന്നാം പിറന്നാള്‍ പ്രമാണിച്ച് കുറുപ്പ് ഒരുമണിക്കൂറ് നേരത്തേക്കു അടച്ചിടുന്നതാണ് അല്ലാതെ ഇതു അടച്ചു പൂട്ടീ പറ്റുപുസ്തകം തുടങ്ങാനൊന്നുമല്ല എന്നു..

പിന്നെ ആണു ആലോചിച്ചതു ഞാനും ഏതാണ്ട് ഈ സമയത്താണു ഈ അഭ്യാസം തുടങ്ങിയതെന്നു.. സംശയം തീര്‍ക്കാന്‍  വേണ്ടി ഇവിടെ വന്നപ്പോള്‍ സംഗതി കറക്റ്റ്.. ഞാനും എന്റെ ആദ്യത്തെ പോസ്റ്റ് ഇടുന്നത് കഴിഞ്ഞ നവംബര്‍ 13 നു ആണു.. :) 
ഈ നവംബര്‍ മാസം എന്റെ ജീവിതത്തില്‍ ഒരു പാടു പ്രാധാന്യമുള്ളതാണു.. നല്ലതും ചീത്തയും ആയി ഒരു പാട പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുള്ള മാസം ആണു അത് കൊണ്ടു തന്നെ ഈ നവംബറിനോട് എനിക്ക് വല്ലാത്ത ഒരു പ്രണയം ആണ്.. 

ഈ ബ്ലോഗ് തുടങ്ങുമ്പോള്‍ എനിക്ക് അതില്‍ എന്തെഴുതണം എങ്ങനെ എഴുതണം എന്നൊന്നും വലിയ ഐഡിയ ഉണ്ടായിരുന്നില്ല.. എല്ലാം തോന്നിയ സമയത്ത് തോന്നിയതെഴുതി അങ്ങനെ തുടര്‍ന്നു..  അന്നു മുതല്‍ കമന്റുകളുടെ രൂപത്തിലും മെയിലുകളുടെ രൂപത്തിലും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹ്രുത്തുക്കളോടും നന്ദി പറയുന്നു.. 


കുറുപ്പ് ഒന്നാം പിറന്നാളിനു ഒരു മണിക്കൂറ് കണക്കു പുസ്തകം അടച്ചു വച്ച പോലെ ഞാന്‍ എന്തു ചെയ്യണം എന്നു ഞാന്‍ അധികം ഒന്നും ആലോചിക്കാന്‍ നിന്നില്ല.. കാരണം കുറുപ്പിന്റെ കണക്കു പുസ്തകം ഒരു ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പ് പോലെ ആണു അടച്ചിട്ടാലും അതു തുറക്കുന്ന വരെ സമാധാനമായി ക്യൂ നിക്കാന്‍ ആളു കാണും..
അതു കൊണ്ടു ഞാന്‍ ഇതു അടക്കാനൊന്നും നില്‍ക്കുന്നില്ല.. തുറന്നു തന്നെ ഇടുന്നു..

എന്നത്തെയും പോലെ നാരായണമംഗലം അതിഥികളെയും കാത്തിരിക്കുന്നു..

2009-10-07

ചരിത്ര പ്രസിദ്ധമായ വാളുകള്‍...



എന്നാണു ഞാന്‍ ആദ്യമായി മ്യൂസിയം കാണാന്‍ പോയതെന്നറിയില്ല.. പക്ഷെ ആദ്യം പോയതു ത്രിശൂറ് മ്യൂസിയത്തില്‍ ആണെന്ന കാര്യം ഉറപ്പാണു.. അതിനു ശേഷം എത്ര സ്ഥലങ്ങളില്‍ പോയിരിക്കുന്നു.. എവിടെ പ്പോയാലും ആരുടെയെങ്കിലും വാള്‍ അവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ടാവും അതിപ്പോ ശക്തന്‍ തമ്പുരാനാണെങ്കിലും ടിപ്പു സുല്‍ത്താനാണെങ്കിലും മാര്‍ത്താണ്ഠവര്‍മ ആണെങ്കിലും.. അതൊക്കെ സൂക്ഷിക്കാന്‍ ആളുകള്‍ ഇഷ്ടം പോലാണു.. പഴയ രാജാക്കന്മാരുടെ ഒക്കെ ഒരു ഭാഗ്യം..
ഇപ്പൊ വാളിന്റെ ഒക്കെ കാലം കഴിഞ്ഞു കത്തികളുടെ കാലം ആണെന്നാണു പറയപ്പെടുന്നത്.. എസ് കത്തി വൈ കത്തി എക്സ് കത്തി തുടങ്ങി ക്ഷ, ത്ര, ജ്ഞ വരെ ഷേപ്പിലുള്ള കത്തികള്‍ ഉണ്ടെന്നു പറയപ്പെടുന്നു.. കാലം പോയ പോക്കെ..

എന്നാലും വാളിന്റെ കാലം കഴിഞ്ഞു എന്നൊക്കെ പറഞ്ഞാല്‍ അങ്ങനങ്ങു സമ്മതിച്ചു കൊടുക്കാന്‍ പറ്റുമോ.. അങ്ങനെ നാട്ടുകാര്‍ മുഴുവന്‍ സമ്മതിച്ചാലും ഞാന്‍ സമ്മതിക്കുമോ.. മലയാളികള്‍ സമ്മതിക്കുമോ.. ഒരു പക്ഷെ മലയാളികള്‍ ഒന്നടങ്കം ഒരു പാര്‍ട്ടിക്കു കീഴില്‍ അണി നിരന്നാല്‍ അതിന്റെ ചിഹ്നം വരെ വാള്‍ ആയിരിക്കും എന്നതിനു സംശയം വേണ്ട.. (അത്രക്കധികം വാളുകള്‍ ആണല്ലോ കേരളത്തില്‍ ദിവസവും പണിയപ്പെടുന്നത്.. )ഞാനും പല വാളുകള്‍ കണ്ടിട്ടുണ്ട്.. അതില്‍ ചരിത്ര പ്രസിദ്ധമായ ചിലവാളുകള്‍ ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നു..

  • ചാണ്ടിച്ചന്റെ വാള്‍
  • പുസല വാള്‍
  • ഡീസന്റ് വാള്‍ (പട്ടര്‍ വാള്‍ എന്നും പട്ടാളം വാള്‍ എന്നും അറിയപ്പെടുന്നു)
  • വാളുവിഴുങ്ങി വാള്‍
  • ഭായി വാള്‍
ചാണ്ടിച്ചന്റെ വാള്‍: ഇത് അല്പം അഹങ്കാരം കലര്‍ന്ന വാള്‍ ആണു. ഞാന്‍ എത്ര അടിച്ചാലും വാള്‍ ആവില്ല എന്ന അമിത വിശ്വാസത്തില്‍ വാശിക്കു കുടിക്കുകയും, മലയാളത്തില്‍ ചോദിച്ചാല്‍ ഇംഗ്ലീഷില്‍ ഉത്തരം പറയുന്ന ലെവെലില്‍ എത്തുകയും ചെയ്യുന്ന ലെവെലില്‍ എത്തുകയും. പിന്നെ സ്ഥലകാല ബോധമില്ലാതെ വാളൂരി വീശുകയും ചെയ്യുന്ന പ്രതിഭാസം ആണിതു.. ടെറസ്സിന്റെ മുകളില്‍ നിന്നു മുറ്റത്തേക്ക് വാളു വച്ച് ആരും കണ്ടില്ലെന്നു സമാധാനിക്കുന്നതും, കിടക്കപ്പായയില്‍ ഇരുന്നു കൊണ്ട് സ്വന്തം മടിയില്‍ വാളു വച്ചതിനു ശേഷം പിറ്റേന്ന് രാവിലെ “ആരാണ്ട്രാ എന്റെ മേത്ത് വാളു വച്ചതു ” എന്നു അക്രോശിക്കുന്നതും ഈ വാളിന്റെ ലക്ഷണം ആണു..

പുസല വാള്‍: ഞാന്‍ ഇതു വരെ കണ്ടതില്‍ വച്ച് ഏറ്റവും മൂര്‍ച്ചയേറിയതും ഭാരമേറിയതുമായ വാള്‍ ആണിത്. മാട് കാടി മോന്തുന്ന പോലെ മുന്നിലുള്ള ഗ്ലാസിലുള്ളതു എന്താണെന്നു പോലും നോക്കാതെ മടമടാന്ന് അകത്താക്കി സ്ഥലകാലബോധം തീരെ ഇല്ലാതെ ഒരു മാതിരി അല്‍ഷിമേഴ്സ് രോഗിയുടെ അവസ്ഥയില്‍ പണിയുന്ന വാള്‍ ആണിതു. ഈ വാള്‍ പണിയുന്ന ആളെ നമുക്കു ഒരിക്കലും പിടിച്ചാല്‍ കിട്ടാറില്ലാ അഥവാ കിട്ടിയാലും കയില്‍ നിന്നു വഴുതി പോകുന്നതായിരിക്കും. കമിഴ്ന്നു കിടന്നു കഴുത്തിനു വ്യായാമം നല്‍കുന്ന പോലെ ഇടതും വലതും നോക്കിയാണു ഇതു പണിയുന്നതു.. ഉറങ്ങിക്കിടക്കുന്നവന്റെ തല വാഷ് ബേസിന്‍ ആണെന്നു തെറ്റിദ്ധരിക്കുന്നതും ഈ വാളിന്റെ ലക്ഷണം ആണ്.

ഡീസന്റ് വാള്‍ (പട്ടര്‍ വാള്‍ എന്നും പട്ടാളം വാള്‍ എന്നും അറിയപ്പെടുന്നു): തന്റെ കഴിവുകളും പരിമിതികളും മനസ്സിലാക്കി വേറെ ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു കസേര വലിച്ചിട്ടു സ്വസ്ഥമായി പണിയുന്ന വാളുകള്‍ ആണിതു.. ചിലപ്പോള്‍ ഔട്ട് ഡോര്‍ ആണെങ്കില്‍ പലരൂപത്തിലുള്ള വാളുകളും പണിയപ്പെടുന്നതായിരിക്കും. എക്സ്: വട്ടത്തില്‍ വാള്‍..

വാളുവിഴുങ്ങി വാള്‍: താന്‍ ഒരിക്കലും വാള്‍ പണിയില്ലെന്നും, വാള്‍ പണിയാതിരിക്കാന്‍ വരുന്ന വാളിനെ വിഴുങ്ങി അതിന്റെ മേല്‍ ഒരെണ്ണം വീശിയാല്‍ മതിയെന്നും ഉള്ള ചരിത്രപരം ആയ കണ്ടു പിടിത്തത്തില്‍ നിന്നാണു ഈ വാളിന്റെ ഉല്‍ഭവം. വിഴുങ്ങിയതും ചെലുത്തിയതും മോന്തിയതും എല്ലാം ചേര്‍ത്ത് ഒരു അതി ഭയാനകം ആയ വാള്‍ ആയിരിക്കും അതിന്റെ അവസാന ഉല്പന്നം അല്ല്ങ്കില്‍ ഫൈനല്‍ പ്രൊഡക്റ്റ്.

ഭായി വാള്‍: ഞാനിതാ വാളായേ എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഓടി നടന്നു പണിയപ്പെടുന്ന വാളുകളെ ആണു ഭായി വാള്‍ എന്നു പറയപ്പെടുന്നത്. പണ്ട് വടക്കന്‍ പാട്ടു സിനിമകളില്‍ നസീറും ജയനും കാണിച്ചിരുന്ന വാള്‍പയറ്റുകളുടെ ഭംഗിയും താളവും എല്ലാം ഇതു പണിയുന്നവറ് കാണിക്കും. ഓടിയും ചാടിയും, ഞെരിഞ്ഞമര്‍ന്നും, വലതു മാറിയും, ഇടതു മാറിയും ഒക്കെ പണിയുന്ന ഈ വാളും അപകടകാരിയാണു..

ഇനിയും ഉണ്ടു പലതരം വാളുകള്‍ പക്ഷേ എഴുതാന്‍ സമയം ഇല്ല.. ഈ പറഞ്ഞ വാളുകള്‍ക്കൊക്കെ പേറ്റന്റ് ഉണ്ടെന്നും പറഞ്ഞു ഇതിന്റെ ഒക്കെ ഉപ്ജ്ഞാതാക്കള്‍ കേസ് കൊടുക്കുകയോ, ആളെ വിട്ടു തല്ലിക്കുകയോചെയ്തില്ലെങ്കില്‍ അടുത്ത പോസ്റ്റ് ഇടാം..
:)



ഓടോ: നാരായണമംഗലത്തെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടിയിട്ടുള്ള പലവിധം വാളുകള്‍ ആണു ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്... അതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഞാന്‍ തയ്യാറല്ല.. 
 




2009-09-10

യുദ്ധപ്പറവകള്‍ ചിറകറ്റു വീഴുമ്പോള്‍...

ഞാന്‍ എന്റെ എന്‍ജിനിയറിങ്ങ് പഠനത്തിന്റെ അവസാനവര്‍ഷം പ്രൊജെക്റ്റ് എന്ന പേരില്‍ എറണാകുളത്തു കറങ്ങി നടക്കുന്നതിനിടയില്‍ ആണു ശ്രീധറില്‍ വച്ച് രംഗ് ദേ ബസന്തി എന്ന സിനിമ കാണുന്നത്. കുഞ്ഞുന്നാള്‍ മുതല്‍ ചോറിനൊപ്പം ദേശസ്നേഹം ഒരുപാട് ഊട്ടി വളര്‍ത്തിയതു കൊണ്ടായിരിക്കണം ആ സിനിമയും അതിലെ കഥാപാത്രങ്ങളും എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു...

ഇപ്പോള്‍ ഇന്ന് ഓര്‍കുട്ടില്‍ കറങ്ങി നടക്കുന്നതിനിടയില്‍ എന്റെ ഒരു പൈലറ്റ്(വ്യോമസേന) സുഹ്രുത്തിന്റെ പ്രൊഫൈലില്‍ കണ്ട ഒരു അപ് ഡേറ്റ്.. “Lost one more coursemate to a MiG-21 ”

നമ്മുടെ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ അരിവിഹിതത്തില്‍ നിന്നും മാന്തിയെടുത്തു യുദ്ധ ഫണ്ടുകള്‍ രൂപീകരിക്കുന്ന സര്‍ക്കാരേ.. ഒന്നു മനസ്സിലാക്കു,, നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യുന്നതു മനുഷ്യരാണു..
രാജ്യത്തിനു വേണ്ടി ജീവന്‍ ദാനം ചെയ്യാന്‍ വരെ തയ്യാറായ ഒരു കൂട്ടം ധീരന്മാര്‍. അവരെ നമ്മള്‍ തന്നെ കൊല്ലണോ??
പാകിസ്താനെതിരെ യുദ്ധം വേണമെന്നു മുറവിളി കൂട്ടുന്ന പ്രതിപക്ഷ യോഗ്യന്മാരെ.. യുദ്ധം ചെയ്യാ‍ന്‍ നിങ്ങളില്‍ എത്ര പേരുടെ മക്കളെ അയക്കാന്‍ നിങ്ങള്‍ തയ്യാറുണ്ട്??

ഈ വര്‍ഷം മിഗ് വിമാനം തകര്‍ന്നു മരിക്കുന്ന 7 ആമത്തെ പൈലറ്റ് ആണു ഇന്നു മരിച്ചത്.

വാര്‍ത്ത ഇവിടെ വായിക്കാം

ഇനി എത്ര പേര്‍ക്ക് ഇങ്ങനെ ഒരു ഗതി വരാം..

GOD SAVE THE WORLD

2009-08-17

മദ്യം... ചിയേര്‍സ്..

മദ്യത്തിന്റെ ഗുണം..

അന്നു രാത്രി അവന്‍ ഒരു കോണില്‍ ഒറ്റക്കിരുന്നു കരയുന്നതു കണ്ടാണു ഞാന്‍ മുറിയില്‍ കയറി ചെല്ലുന്നതു..

“എന്തു പറ്റി?“

“അളിയാ, അവള്‍ എന്നെ ചതിച്ചെടാ.. അവളുടെ കല്യാണം നിശ്ചയിച്ചു..“

“ഓ അത്രയെ ഉള്ളോ..“

“നിനക്കങ്ങനെ പറയാം.. എന്റെ വേദന എനിക്കല്ലേ അറിയൂ.. എനിക്കിനി ജീവിക്കണ്ട. മരിച്ചാല്‍ മതി.. “

“ഒരു പേണ്ണു പോകുമ്പോളേക്കും നീ ഇങ്ങനെ തളര്‍ന്നാല്‍ എങ്ങനാ‍. എന്നെ കണ്ടു പഠിക്ക് എനിക്കു വല്ല പ്രശ്നവുമുണ്ടോ..“

“നിനക്കിതൊരു ശീലമാ.. പറഞ്ഞിട്ടു കാര്യമില്ല.. “

“നീ വാ..“

കരഞ്ഞു കൊണ്ടിരുന്ന അവനെ പിടിച്ച് വണ്ടിയില്‍ കയറ്റി ഇരുത്തി വണ്ടി സ്റ്റാര്‍റ്റ് ചെയ്യുമ്പോള്‍ ഒരു ലക്ഷ്യം മാത്രമെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ബാര്‍

രണ്ട് മണിക്കൂറിനു ശേഷം. സ്ഥലത്തെ പ്രധാന ബാറിലെ ഒരു മൂലയിലെ ടേബിള്‍..

“അളിയാ, താങ്ക്സ് ടാ.. നീ ആണെടാ യഥാര്‍ത്ഥ സുഹ്രുത്ത്.. “

“നിനക്കൊരു പ്രശ്നം വന്നാല്‍ ഞാന്‍ സഹായിച്ചില്ലെങ്കില്‍ പിന്നെന്തിനാടാ..“

“സത്യം ഈ ജീവിതത്തില്‍ എന്റെ ആകെ സമ്പാദ്യം നിന്നെ പോലുള്ള സുഹ്രുത്തുക്കള്‍ മാത്രം ആണെടാ.. അവള്‍ @#$@$ മോള്‍.. പോട്ടെടാ.. അവളെക്കാള്‍ നല്ല പെണ്ണിനെ എനിക്കു കിട്ടും.“

“എങ്കില്‍ നീ സത്യം ചെയ്യ് ഇനി ഒരിക്കലും ആത്മഹത്യ എന്നൊന്നും ചിന്തിക്കില്ലെ“ന്ന്..

“ഞാന്‍ എന്തിനു ആത്മഹത്യ ചെയ്യണം അവള്‍ പോണെങ്കില്‍ പോട്ടെടെ.. എനിക്ക് നിന്നെ പോലുള്ള ഫ്രന്‍സ് മതി.. പോവാന്‍ പറ.. മോളോട്...“



മദ്യം കൊണ്ടുള്ള ദോഷം.

പിറ്റെ ദിവസത്തെ പത്രത്തില്‍ കണ്ടത്
ബാംഗ്ലൂറ്: ഇന്നലെ രാത്രി നഗരമധ്യത്തില്‍ നടന്ന അപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. മദ്യപിച്ചു വാഹനം ഓടിച്ചതാണു അപകടത്തിനിടയാക്കിയതെന്നു പോലീസ് അഭിപ്രായപ്പെട്ടു. യുവാക്കള്‍ ഓടിച്ചിരുന്ന ബൈക്ക് റോങ്ങ് സൈഡിലൂടെ വന്നു ബസില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാറ് പറഞ്ഞു.........

2009-08-13

വന്ദേ മാതരം!!!



ഭാരതം തന്റെ 62-)മത് സ്വാതന്ത്ര്യദിനാഘോഷത്തിനു തയ്യാറെടുത്തു കോണ്ടിരിക്കുകയാണു.. ഇവിടെ ചെന്നൈയിലും എല്ലാവരും അതിന്റെ ലഹരിയില്‍. എല്ലായിടത്തും ത്രിവര്‍ണ്ണപതാകയുടെ ഭംഗി മാത്രം. ഓഫീസിലും ഇതു തന്നെ അവസ്ഥ.. എല്ലാ ക്യുബിക്കിളുകളും പ്ലാസ്റ്റിക് നിര്‍മിത ത്രിവര്‍ണ പതാകകളാല്‍ അലങ്കരിച്ചിരിക്കുന്നു..
വളരെ മനോഹരം.. ഈ സ്വാതന്ത്ര്യദിനം കഴിഞ്ഞാല്‍ ഇവയൊക്കെ എങ്ങോട്ടു പോകുന്നെന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?? എവിടെ, എന്തിനു..

എങ്ങും ത്രിവര്‍ണ്ണത്തിന്റെ മനോഹാരിത തള്ളിക്കളിക്കുന്ന ഈ രണ്ട് ദിവസം കഴിഞ്ഞാല്‍ നമ്മുടെ ചവറ്റുകുട്ടകളില്‍ എത്ര ദേശീയപതാകകള്‍ വീണു കിടക്കുന്നുണ്ടെന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ദേശീയപതാകയെ സ്വന്തം മാതാവിനെ പോലെ സ്നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യേണ്ടവനാണു ഓരോ ഭാരതീയനും.

പ്ലാസ്റ്റിക്കും പേപ്പറും ഉപയോഗിച്ചുണ്ടാക്കിയ ത്രിവര്‍ണ്ണ പതാകകള്‍ അഗസ്റ്റ് 16 നു ശേഷം എവിടെ എന്നു പോലും ആരും അന്വേഷിക്കില്ല. അവ രണ്ടു നാള്‍ തറയില്‍ ആരും ശ്രദ്ധിക്കാതെ കിടക്കും, അതു കഴിഞ്ഞാല്‍ ആരെങ്കിലും അടിച്ചു വാരി കളയും. ചിലപ്പോള്‍ തീയിടും. ഭാരതമാതാവിനെ ഇതിലും മോശമായി അപമാനിക്കാന്‍ കഴിയില്ല.

കാവിയും വെള്ളയും പച്ചയും ചേര്‍ന്ന ഒരു കഷ്ണം കടലാസ് മാത്രമാണതെങ്കില്‍ അതു നമുക്കു സഹിക്കാം അതിന്റെ നടുക്ക് അശോകചക്രം വരുമ്പോള്‍ അതു ഓരൊ ഭാരതീയന്റെയും ആത്മാവിന്റെ അംശമാണിതെന്നു എല്ലാവരും മനസ്സിലാക്കണം.

സ്വന്തം രാജ്യത്തെ അപമാനിച്ചു കൊണ്ട് ഒരു ആഘോഷം നമുക്കു വേണമോ. തീരുമാനം നമ്മള്‍ ഓരോരുത്തരും എടുക്കേണ്ടതു.

എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍..
ജയ് ഹിന്ദ്

2009-07-24

മാട്രിമോണി- ആഫ്റ്റര്‍ ഇഫക്റ്റ്..



നമ്മുടെ പഴയ പോസ്റ്റ് ഏറ്റെന്നാ തോന്നുന്നേ..

കണ്ടാ കണ്ടാ...




രണ്ടു പിള്ളാരെ അവര്‍ കെട്ടിച്ചു വിട്ടു.. ഇനി ഒരെണ്ണം ബാക്കി ഉണ്ട്.. പുതിയ കുട്ടി ഒന്നു വന്നിട്ടുമുണ്ട്...

ഈ പിള്ളേര്‍ക്കും ഒരു ജീവിതം തരപ്പെടുത്തിക്കൊടുക്കെന്റെ മാട്രിമോണി മാമാ.. സോറി അങ്കിളേ...

2009-07-14

മാട്രിമോണി

കഴിഞ്ഞ കുറെ കാലമായി (ഏതാണ്ട് ഒരു കൊല്ലത്തിനും മേലെ) മനോരമ ഓണ്‍ലൈന്‍ തുറക്കുംബോള്‍ ചാടി വരുന്ന ഒരു പോപ് അപ് പരസ്യം ഉണ്ട്..



ഇത്രയും കാലമായിട്ടും ഈ പിള്ളാരുടെ കെട്ടു നടത്താന്‍ കഴിയാത്തവരാണൊ കേരളാ മാട്രിമോണിക്കാറ്...

ഇത്രയും സുന്ദരികള്‍ ആയ പിള്ളാരെ കെട്ടിച്ചു വിടാന്‍ പറ്റാത്തവര്‍ ആണൊ കേരളം മൊത്തം കല്യാണം നടത്തിക്കോടുക്കുന്ന മലയാളികളുടെ ആസ്ഥാന ബ്രോക്കേര്‍സ്....


ഹെന്റമ്മോ..



2009-06-26

സംഗീത ചക്രവര്‍ത്തിക്കു ആദരാഞ്ജലികള്‍..



രാവിലെ ടി വി യില്‍ ഈ വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.. ഞാന്‍ ഒരു ജാക്ക്സണ്‍ ആരാധകന്‍ ഒന്നുമല്ല.. പക്ഷെ.. കഴിഞ്ഞ് ആഴ്ചയാണു ഞന്‍ എന്റെ ഒരു സുഹ്രുത്തിനോട് കളിയായി “ഇയാള്‍ ചത്തില്ലേടാ‍.. ” എന്നു ചോദിച്ചതു.. ഒരു കടുത്ത എം ജെ ആരാധകന്‍ ആയ അയാള്‍ അതിനു എന്നെ തല്ലിയില്ല എന്നെയുള്ളു.. പണ്ട് സുര ലഹരി തലക്ക് പിടിക്കുംബോ ഇംഗ്ലീഷ് ഗാനങ്ങള്‍ നിര്‍ത്താതെ ആലപിക്കുകയും എം ജെ യുടെ ചിത്രങ്ങളില്‍ ഉമ്മ വക്കുകയും വരെ ചെയ്യുന്ന ഒരു കടുത്ത ആരാധകന്‍....


ഒരു തിരിച്ചുവരവിനായുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കവെ ആണ് ഈ നിര്യാണം. പാടാന്‍ ബാക്കി വച്ച ഒരു ഈണം ആ മനസ്സില്‍ ഉണ്ടായിരുന്നിരിക്കണം.. ഒരു പക്ഷെ ഇതു വരെ പാടിയതിലും മികച്ച ഒന്ന്..


പകരം വക്കാനില്ലാത്ത ഒരു പാടു പാട്ടുകളും അവയിലൂടെ ഒരു പിടിയിലധികം റെക്കോര്‍ടുകളുമായി എം ജെ ഇനിയും ജീവിക്കും ഒരു പാടു കാലം...

2009-06-08

തിരിച്ചുപോക്ക്..

“ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം”

ഒരു തിരിച്ചു പോക്കു അഗ്രഹിക്കാത്തവര്‍ ഉണ്ടോ. ഉണ്ടാവാം. പക്ഷേ ഞാന്‍ ഇടക്കു ആഗ്രഹിക്കാറുണ്ട്. ഞാന്‍ പഠിച്ച ആ സ്കൂളില്‍ ഒരു ദിവസം കൂടി നിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു. അതി രാവിലെ തുടങ്ങുന്ന പി റ്റി യും. ഭക്ഷണത്തിനായി മെസ്സ് ഹാളിലെക്ക്ക്കുള്ള ഓട്ടവും. വെള്ളം പിടിക്കാനുള്ള വരിയും. ഷൂ പോളിഷ് ചെയ്തില്ല. ബെല്‍റ്റിന്റെ ബക്കിള്‍ ഷൈന്‍ ചെയ്തില്ല എന്നും പരഞ്ഞു സീനിയഴ്സും സാറന്മാരും ഉരുട്ടുന്നതും, എത്ര ഉരുണ്ടാലും ഒട്ടും ക്ഷീണമില്ലാതെ വൈകുന്നേരം കളിക്കുന്നതും. എല്ലാ ക്ഷീണവും കൂടി സ്റ്റഡി റ്റൈമില്‍ ഉറങ്ങി തീര്‍ക്കുന്നതും. ബങ്ക് ചെയ്തു സിനിമക്കു പോകുന്നതു, കഴക്കൂട്ടം ശ്യാമളയില്‍ നിന്നുള്ള പോറോട്ടയും ബീഫ് ചില്ലിയും. അങ്ങനെ ഒരു പാടു ഓറ്മകള്‍. ഇതെല്ലാം നഷ്ടമായിട്ടു ഇപ്പൊ ഏഴു കൊല്ലം കഴിയുന്നു.

എനിക്കിന്നും ഓറ്മയുണ്ട്. 12 ക്ലാസ്സിന്റെ പരീക്ഷ എല്ലാം കഴിഞ്ഞു. എല്ലാവരുടെയും അടുത്ത് യാത്ര പറഞ്ഞിരങ്ങിയ ദിവസം. പിന്നെ എവിടെ ഒക്കെ വച്ചു ആരെ ഒക്കെ കാണാന്‍ പറ്റും എന്നൊന്നും അറിയാതെ ഉള്ള് ആ യാത്ര പറച്ചില്‍.
മെസ്സ് ഹാളിന്റെ മുന്നില്‍ വച്ചാണു പലരെയും കണ്ണീരോടെ യാത്ര ആക്കിയതു.

അതിനും ഒരു എഴു കൊല്ലം മുന്നെ ഞാന്‍ ആ വിദ്യാലയത്തിലേക്കു കയറിചെല്ലുന്നതും കരഞ്ഞു കൊണ്ടായിരുന്നു. ആദ്യമായി അമ്മയെ വിട്ടു നില്‍ക്കാന്‍ പോകുന്ന ഒരു 10 വയസ്സുകാരന്റെ കണ്ണുനീര്‍. അന്നും അതിനു സാക്ഷി ആയി ആ മെസ്സ് ഹാള്‍ അവിടെ തന്നെ ഉണ്ടാ‍യിരുന്നു. ഞാന്‍ ഇതെത്ര കണ്ടതാ.. എന്ന ഭാവവുമായി.

ഇവിടെ എല്ലാവരുടെയും മനസ്സില്‍ ഒരു വലിയ സ്ഥാനമുണ്ടാവും ഈ മെസ്സ് ഹാളിനു. ദിവസവും രാവിലെ വിളിച്ചുണര്‍ത്തുന്ന മണി അല്ലെങ്കില്‍ സൈറണ്, മൂന്നു നേരം മ്രുഷ്ടാന്ന ഭോജനം. പുതു പുത്തന്‍ പാട്ടുകള്‍ പാടി കേല്‍പ്പിക്കുന്ന മ്യുസിക് സിസ്റ്റം. എല്ലാ ബുധനാഴ്ചയും കിട്ടുന്ന പൂരിയും ബീഫും. പരീക്ഷാകാലത്ത് ഉറക്ക്ത്തെ പിടിച്ചു കിട്ടുന്ന കട്ടന്‍ ചാ‍യ. അങ്ങനെ എന്തെല്ലാം…

പിന്നെ ഞങ്ങളുടെ പ്രിയപ്പെട്ട പരേഡ് ഗ്രൌണ്ട്. എന്‍ സി സി യുടെ ആദ്യപാടങ്ങളായ ബായെമൂട്ടും ദൈനെമൂട്ടും(ഇതെന്തൂട്ട് മൂട്ടാണെന്നു അന്നു കുറെ വണ്ടരടിച്ചിട്ടിരുന്നിട്ടുണ്ട്) മുതല്‍ അവസാന പാസ്സിങ് ഔട്ട് പരേഡ് വരെ നീളുന്ന ഓര്‍മകള്‍.

മനോഹരമായ ഓഡിറ്റോരിയം. ആദ്യ ദിവസം കരഞ്ഞു കുളമാക്കിയ അസംബ്ലിയും, ഹൌസ് ഡേ കളും ആന്വല്‍ ഡേ. ഓരൊ മത്സരങ്ങള്‍. തുടങ്ങി ഒരുപാട് ഓര്‍മകള്‍ തങ്ങി നില്‍ക്കുന്നുണ്ടവിടെ.

പിന്നേയും ഒരുപാടു സ്ഥലങ്ങള്‍.. ലാബുകള്‍, ലൈബ്രറി, ബങ്ക് ചെയ്യാന്‍ വേണ്ടി കണ്ടു പിടിച്ച കാട്ടു വഴികള്‍. ക്രോസ്സ് കണ്ട്രി ഓടിയ വഴികള്‍. എന്തെല്ലാം..

ഇപ്പൊ ഒരു തിരിച്ചു പോക്കു സാദ്യമല്ലെങ്കിലും ഞാന്‍ പോകുന്നു. ഞങ്ങളുടെ ആ പഴയ വിദ്യാലയത്തിലേക്കു. മനസ്സു നിറയെ മധുരിക്കുന്നതും കണ്ണീരിന്റെ ഉപ്പു കലര്‍ന്നതുമായ പല ഓറ്മകളുമായി. ഒരു ദിവസം എല്ലാം മറന്നു ആ പഴയ വിദ്യാര്‍ഥി ആയിരിക്കാന്‍ വേണ്ടി…

“പ്രിയ വിദ്യാലയമേ, എന്നെ ഞാനാക്കിയതില്‍ നിനക്കുള്ള പങ്ക് ചെറുതല്ലെന്നു മാത്രമല്ല വളരെ വലുതുമാണ്. ഒരു പാടു നന്ദി,…”

2009-05-24

മീശപുരാണം.....

“ചെക്കന്‍ മുട്ടയില്‍ നിന്നും വിരിഞിട്ടില്ല്ല അപ്പൊഴേക്കും കണ്ടില്ലേ.. പെന്‍സില്‍ ചെത്തുന്ന ബ്ലേഡ് എടുത്ത് മൂക്കിനു താഴെ ചിരണ്ടുന്നു.. എന്താടാ ഇതു? @##$$ “

സ്ഥലം എന്റെ ക്ലാസ്സ് റൂം.. (9 ആം ക്ലാസ്സ്) ക്ലാസ്സില്‍ കൂട്ട്ച്ചിരി.. ഇതേ കാര്യം ചെയ്തു പിടിക്കപ്പെടാത്ത #$@ മക്കളും ചിരിയില്‍ പങ്കു ചേരുന്നു.. ഒന്നും മിണ്ടാന്‍ പറ്റാതെ തലയും കുനിച്ച് ഞാനും നിന്നു… ഹ്മ്ം ഇതിനെല്ലാം
കാരണം
21 ആം തിയതി 48ആം പിറന്നാള്‍ അഘോഷിച്ച മോഹന്‍ലാല്‍ ആണെന്നു പറഞ്ഞാല്‍ അതില്‍ തെറ്റില്ല. ചെറുപ്പം മുതല്‍ അങ്ങേരുടെ മീശ പിരി കഥാപാത്രങ്ങളെ കണ്ടല്ലേ വളര്‍ന്നതു(മമ്മുട്ടി ആരാധകര്‍ തല്ലരുതു ) .. അതു ഒരു കാരണം തന്നെ.. പക്ഷെ എരിതീയില്‍ എണ്ണ ഒഴിക്കാനായി വേറെ ഒരു കാരണം കൂടെ ഉണ്ട്..

9ആം ക്ലാസ്സില്‍ ഞങ്ങളുടെ കൂടെ പുതിയ ഒരു അവതാരം ചേര്‍ന്നു.. അപ്പോഴെ ചങ്ങാതിക്കു കട്ടിമീശ.. മീശ മുളക്കാത്ത ഞങ്ങള്‍ക്കു ഒരു ഇത്(ഏയ് മറ്റതല്ല.. ഇതു വേറെ ഒരു ഇതു.. അസൂയ എന്നൊക്കെ പറയും) തോന്നാന്‍ വേറെ എന്തെങ്കിലും വേണോ? പതുക്കെ കക്ഷിയെ സോപ്പിട്ടിതിന്റെ സീക്രട്ട് കന്ടു പിടിക്കാന്‍ ശ്രമം ആരംഭിച്ചു.. വല്ല കരടിനെയ്യും മറ്റതു കയ്യില്‍ സ്റ്റോക്ക് ഉണ്ടൊ എന്നറിയണമല്ലോ.. ഒന്നും കിട്ടീയില്ല.. ഒരുപദേശം കിട്ടി. ഫ്രീ “ഡേയ്ലി ഷേവ് ചെയ്താല്‍ മതി.. നല്ല കട്ടി മീശ വരും” ആ ഉപദേശത്തിന്റെ ആഫ്റ്റര്‍ ഇഫക്ട് ആണു ഈ കിട്ടിയത്. ആകെ ഉരുകി ഐസ് ആയിപ്പോയി.. ഹൂ ..


അന്നൊക്കെ മീശ പിരിച്ചു നടക്കുന്നവന്മാരെ കണ്ടാല്‍ എന്തൊരു
ആരാധനയും അസൂയയും ആയിരുന്നു.. എന്തായാലും എന്റെ കഠിനാധ്വാനം ഫലം കണ്ടു… 2 കൊല്ലം കഴിഞ്ഞപ്പോളേക്കും അവിടിവിടെ ആയി രോമം കണ്ടു തുടങ്ങി.. എന്തായാലും ചെറിയ പൊടിമീശ ഒക്കെ ആയിത്തുടങ്ങി.. 12 കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ഞാന്‍ സീരിയസ് ആയി.. ഇത്രയും നാളു കളിച്ചു നടന്ന പോലെ അല്ല.. ഇതു വരെ ബൊയ്സ് സ്കൂള്‍ ആയിരുന്നു.. ഇനി സ്വതന്ത്രലോകത്തിലെ സ്വതന്ത്ര പെണ്‍കിളികളെ കാണാന്‍ പോവുകയാണു.. അവരുടെ മുന്നില്‍ പൊടിമീശയും കൊണ്ടു നടന്നാല്‍ പോര.. അധ്വാനം ഇരട്ടിയാക്കി.. ഫലം എന്‍ജിനീയറിങ്ങ് കോളെജില്‍ ചേരുംബോളേക്കും ഒരു അഴകാന മീശ .. കാലങ്ങളായി കുടിയേറിപ്പാര്‍ത്ത ക്രിഷിക്കാരെ പ്പോലെ എന്റെ മൂക്കിനു താഴെ സ്ഥലം പിടിച്ചു..


അന്നു മുതല്‍ ഇന്നു വരെ എന്റെ കൂടെ ഈ മീശ ഉണ്ടായിരുന്നു.. ഇടക്കെപ്പൊഴോ ഷേപ്പ് ചെയ്യാന്‍ എന്നു പറഞ്ഞു കത്രിക കൊണ്ട് അഹങ്കാരം കാണിക്കാന്‍ ശ്രമിച്ച് എല്ലാം നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ദീപസ്തംഭ്ം എന്നും വാനപ്രസ്ഥം എന്നും പറഞ്ഞു പലരും കളിയാക്കുകയും ചെയ്തു.. അതോടെ പൂര്‍വാധികം വാശിയോടെ തിരിച്ചു വരുകയും ചെയ്തിട്ടുണ്ട്.. അങനെ ആ മീശ എന്റെ ഒരു ഐടെന്റിറ്റി ആയി മാറി

പിന്നെ ഒരു ജോലി അന്വേഷിച്ചു ബാങ്ങ്ലൂറ് നഗരത്തില്‍ എത്തുകയും ഒരു കോള്‍സെന്ററില്‍ ജോലിക്കു ചേരുകയും ചെയ്തു.. അവിടെ ഉള്ള മലയാളി കള്‍ അല്ലാത്ത വന്മാര്‍ക്കൊക്കെ ഇതൊരു അത്ഭുത വസ്തു ആയി.. പിന്നെ അതിനെ കുരിച്ചു ചോദ്യങ്ങള്‍ പലതായി.. ഞാന്‍ തളര്‍ന്നില്ല.. എല്ലാവന്മാരോടും ലാലേട്ടന്‍ സ്റ്റൈലില്‍ മീശ പിരിച്ച് ചുമ്മാ… എന്നു പറഞ്ഞൊഴിഞ്ഞൊഴിഞ്ഞു…പക്ഷെ ഇതിനൊരു കുഴപ്പമുണ്ടെന്നു ഞാന്‍ മനസ്സില്‍ ആക്കി.. വല്ലപ്പോഴും ലീവില്‍ നാട്ടില്‍ എത്തുമ്പോ ചിലവന്മാരുടെ ചോദ്യം കല്യാണം ഒക്കെ കഴിഞ്ഞൊ.. ഞാന്‍ കല്യാണപ്രായമെത്താത്ത ഒരു കൊച്ചുപയ്യന്‍ ആണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ല.. എന്നിട്ടും ഞാന്‍ തളര്‍ന്നില്ല.. അമ്മ വരെ പറഞ്ഞു നോക്കി,. ഇതിനെ കുറച്ചു കാലത്തേക്കു വേണ്ടാന്നു വക്കാന്‍ .. ഞാന്‍ സമ്മതിച്ചില്ല..

അത്രക്ക് പ്രിയപ്പെട്ട് വളര്‍ത്തി ക്കൊണ്ടു വന്ന എന്റെ പ്രിയപ്പെട്ട മീശ.. അങനെ കളയാനോ… അങ്ങനെ ഇരിക്കെ ഇത്തവണ നാട്ടില്‍ പോയപ്പോ ആക്രമണം ഫയങ്കരവും ഫയാനകവും ആയ രീതിയില്‍ ആയിരുന്നു.. കല്യാണപ്രായമാകാത്ത ഒരു പയ്യനോട് അല്പം മീശ ഉണ്ടായതു കൊണ്ട് ഇത്രയും ക്രൂരത കാട്ടുന്നതിനെതിരെ ഞാന്‍ ആഞ്ഞു പ്രതികരിച്ചു.. എന്റെ സകലശക്തിയുമെടുത്തു..പോരാടി..

അവസാനം ഞാന്‍ എന്റെ ഐഡന്റിറ്റി ആയ എന്റെ പ്രിയപ്പെട്ട മീശയോട് വിട പറഞ്ഞു.. കുറച്ചു കാലത്തിനു ശേഷം തിരിചു വക്കാം എന്നുള്ള തീരുമാനത്തില്‍ എത്തി.. ചെറിയ വിഷമത്തോടെ ആണെങ്കിലും എന്റെ മൂക്കിനു കീഴെ എന്റെ മാക് 3 ബ്ലേഡ് ഓടിക്കളിച്ചു.. എന്തായാലും ഇവിടെ ആരും കളിയക്കാന്‍ വരില്ല എന്ന വിശ്വസമുണ്ട്… നാട്ടുകാറ്ക്കു എന്റെ മീശ നോക്കി നടക്കുവല്ലെ പണി!!.

2009-05-17

ഒരു പൂരക്കാലം....

അങ്ങനെ ഒരു പൂരക്കാലം കൂടെ കഴിഞ്ഞു. ഞങ്ങള്‍ ത്രിശൂര്‍ക്കാര്‍ക്കു വേറെ എന്തിനേക്കാള്‍ വലിയ ആഘോഷമാണു ഈ കാലം.

പറപ്പൂക്കാവ്, കുറ്റിയങ്കാവു, ചിനക്കത്തൂര്‍, പറക്കോട്ടുകാവു, തുടങ്ങി പൂരങ്ങളുടെ പൂരമായ ത്രിശൂര്‍ പൂരം വരെ നീളുന്നു ഈ നിര..
എല്ലാ ത്രിശൂര്‍ക്കാരെയും പോലെ ഞാനും ഒരു പൂര പ്രാന്തന്‍ തന്നെ.. പഠിക്കുന്ന കാലത്ത് ഒന്നിട വിടാതെ എല്ലാ പൂരപ്പറംബുകളും തെന്ടി നടന്നിട്ടുണ്ട് ജോലി കിട്ടിയപ്പൊള്‍ ലീവ് എന്നും മറ്റും പറഞ്ഞു ഓഫിസില്‍ തളച്ചിടുംബ്ബോള്‍ ഫോണ്‍ വിളിച്ചു പഞ്ചവാദ്യവും വെടിക്കെട്ടും കേള്‍ക്കുകയും ചെയ്യുന്ന ഒരു ത്രിശൂര്‍ക്കാരന്.

പക്ഷെ ഞാന്‍ ഏറ്റവും സ്നേഹിക്കുന്നതു എന്റെ നാട്ടിലെ എടകളത്തൂറ് പൂരത്തിനെ ആണ്. ഇത്തവണ ഞാന്‍ പൂരത്തിനെത്തി.. പതിവിലും ഗംഭീരമായി അഘൊഷിക്കുകയും ചെയ്തു..


ഫോട്ടംസ് കാണുക

2009-04-30

Saturday Night Fever!!!

ഈ പേരു കേട്ടു പഴയ ഇംഗ്ലീഷ് സിനിമയെക്കുറിച്ചു വല്ലതും ആയിരിക്കും എന്നു തെറ്റിദ്ധരിക്കണ്ട. ഇതു പൂര്‍ണമായും മലയാളം ആണ്. കുറച്ചു കാലം മുന്നെ വരെ എല്ലാ മലയാളികള്‍ക്കും ഉണ്ടായിരുന്ന ശനിയാഴ്ചപ്പനി. ഇതിനുള്ള ഡോക്റ്ററും മരുന്നും എല്ലാം സൂര്യ റ്റി വി ആയിരുന്നു. മരുന്നിന്റെ കുറിപ്പടി ഇങ്ങനെ “എല്ലാ ശനിയാഴ്ചയും രാത്രി 12 മണിക്കു”

എന്റെ ഇഞ്ചിനീര്‍ പഠനത്തിന്റ്റെ ആദ്യവര്‍ഷം. ആ ഒരു കൊല്ലം മാത്രമേ ഞാന് ഹോസ്റ്റലില്‍ താമസിച്ചിട്ടുള്ളു. എന്തിനധികം ഇതു തന്നെ ധാരാളം എന്നു വാര്‍ഡനും പറഞ്ഞു.
അങ്ങനെ ഒരു ശനിയാഴ്ച വീട്ടില്‍ ഒന്നും പോകാതെ ഹോസ്റ്റലില്‍ തന്നെ ചീട്ടുകളി ഒക്കെ ആയി അങ്ങു കൂടാം എന്നു വിചാരിച്ചു ഇരിക്കുവാരുന്നു, ചിലവന്മാര്‍ക്ക് മേല്പറഞ്ഞ തരത്തിലുള്ള പനി കൂടി. എന്താ ചെയ്യാ,.. ആകെ കണ്‍ഫുസനായില്ലേ…..

ഹോസ്റ്റലില്‍ 10 മണി കഴിഞ്ഞാ റ്റി വി റൂം അടച്ചു പൂട്ടും. വാറ്ഡന്‍ ഫയങ്കര സ്ട്രിക്റ്റ് ആണു. മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ. വാര്‍ഡന് രണ്ടെണ്ണം വിട്ടു നല്ല മൂഡിലിരിക്കുന്ന നേരം നോക്കി ഞങ്ങള്‍ ഒന്നു മുട്ടി നോക്കി.. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ നല്ല കുട്ടികള്‍ എന്നു വാറ്ഡന്‍ ചില തെറ്റിദ്ധാരണകളുള്ള ചിലര്‍. “സാറെ നല്ല കിടിലന്‍ സ്റ്റേജ് പ്രോഗ്രാം ആണു ടി വി യില്‍ കുറച്ചു നേരം കൂടി ടി വി കാണാന്‍ സമ്മതിക്കണം” എന്ന ഡയലോഗ് രണ്ടു മൂന്നു പ്ലീസ് തള്ളിക്കേറ്റി അങ്ങു കാച്ചി. തംബുരാന്‍ കനിഞ്ഞു. 11 മണി വരെ കാണാനുള്ള അനുമതി കിട്ടി.. ഇതു കിട്ടിയതും ചിലറ് അതിനുള്ളില്‍ സ്ഥാനം പിടിച്ചു. അറുബോറന്‍ പരിപാടികള്‍ കാണാന്‍ തുടങ്ങി. രണ്ടു പേര്‍ വാറ്ഡന്‍ ഉറങ്ങിയോ എന്നു ചെക്ക് ചെയ്യാന്‍ നിന്നു. വേറെ ചിലറ് ബുദ്ധിപൂര്‍വം സ്വന്തം മുറിയില്‍ ഇരുന്നു പഠിക്കാന്‍ തുടങ്ങി.. ബാക്കി ഉള്ളവര്‍ റൂം നം: 1 ഇല്‍ ചീട്ടുകളി തുടങ്ങി… അതായിരുന്നു ചീട്ട്കളി യുടെ ലോര്‍ഡ്സ് സ്റ്റേഡിയം.

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.. അല്ലറ ചില്ലറ കൊച്ചു വര്‍ത്തമാനങ്ങളുമായി ഞാന്‍ ടി വി മുറിയില്‍ തന്നെ കൂടി…. 12 മണി ആയപ്പോളേക്കും ജനസംഖ്യ കൂടി.. പക്ഷെ റ്റി വിയില്‍ വലിയ മാറ്റമൊന്നും കാണുന്നില്ല.. അപ്പോഴാ‍ണ്‍ ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞതു..

ഇപ്പോ മരുന്നു 12 മണിക്കല്ല 12:30 നു ആണെന്നു.. എന്തായാലും എപ്പോളെങ്കിലും തുടങ്ങുമല്ലോ.. സമാധാനം.. അതിനകം മുറി നിറഞ്ഞു കഴിഞ്ഞു.. ക്ലാസ്സില്‍ മുന് നിരയില്‍ ഇരുന്നു സാറന്മാരെ സംശയം ചോദിച്ചു ബുദ്ധിമുട്ടിക്കുകയും ഫുള്റ്റൈം പുസ്തകത്തില്‍ ചാഞിരിക്കുകയും ചെയ്യുന്ന ബുജികള്‍ ഇവിടെയും മുന് നിര പിടിച്ചിട്ടുണ്ട്.

സമയം 12:15: വീണ്ടും ആളുകള്‍ വന്നു കൊണ്ടിരുന്നു.. പെട്ടെന്നു വാര്‍ഡന്റെ മുറിയില്‍ വെളിച്ചം തെളിഞ്ഞു.. പാതി വഴി എത്തിയവന്മാറ് തിരിച്ചു റൂമില്‍ ഓടിക്കയറി.. ടി വി മുറിയില്‍ ഉള്ളവരാണെങ്കില്‍ എങ്ങോട്ട് പോണം എന്നറിയാതെ വട്ടം കറങ്ങുന്നു.. ഇതാണെങ്കില്‍ വംബന്‍ ഹോസ്റ്റല്‍ ഒന്നുമല്ല ഒരൊറ്റ വരിയില്‍ നിറയെ മുറികള്‍ ഒത്ത നടുക്ക് ഈ വാര്‍ഡന്റെ മുറിയും. റ്റി വി മുറിയില്‍ നിന്നു അതു കടന്നു വേണം എന്റെ മുറിയില്‍ പോകാന്‍..അവിടെ ഇതാ വാര്‍ടന്‍ ഉറക്കം വിട്ടു വരുന്നു.. മറ്റെ വശത്താണെങ്കില്‍ അടുക്കള, ഡൈനിങ് ഹാള്‍ വാഷിങ് ഏരിയ ബാത്ത് റൂം എന്നിവ ആണു… ബാത്ത് റൂം അപ്പോഴെക്കും നിറഞ്ഞു കഴിഞ്ഞു.. ചെകുത്താനും കടലിനും ഇടയില്‍ എന്ന പോലെ.

കുറച്ചു ധൈര്യവാന്മാര്‍ എന്തും വരട്ടെ എന്നു വച്ചു വാര്‍ഡന്റെ നേരെ നടന്നു. ഞാന്‍ പണ്ടെ ധൈര്യശാലി ആയതു കൊണ്ടു നേരെ എതിറ് ദിശയില്‍ നടന്നു. എന്താ ചെയ്യാന്‍ പോകുന്നെ എന്നു ഒരു ഐഡിയയും ഇല്ലാതെ.. പിന്നില്‍ നിന്നും വാര്‍ഡന്റെ ആക്രോശങ്ങള്‍ കേള്‍ക്കാനുണ്ട്.. ഒരു ഡിജിറ്റല്‍ സൌണ്ട് പോലെ.. എന്താണെന്നു ശ്രദ്ധിക്കാന്‍ പോലും തോന്നുന്നില്ല.. കുറച്ചു നടന്നതും ഡൈനിങ് ഹാള്‍ എത്തി അപ്പൊ ഒരു ഐഡിയ തോന്നി..
വെള്ളം കുടിക്കാം വാര്‍ഡന്‍ കണ്ടാല്‍ വെള്ളം കുടിക്കാന്‍ വന്നതാണെന്നു പറയാം.. നേരെ ചെന്നു വെള്ളം ഒരു ഗ്ലാസില്‍ എടുത്തു. ഒരു കവിള്‍ കുടിച്ചതും ബുദ്ധി തെളിഞ്ഞു.. വെള്ളം ബുദ്ധിക്കു വളരെ നല്ലതാണെന്നു എനിക്കു അന്നു മനസ്സിലായി.. ഞാന്‍ ഈ സമയത്ത് വെള്ളം കുടിക്കാന്‍ വന്നതാണെന്നും ഇവിടെ എന്താ നടക്കുന്നതെന്നു എനിക്കറിയില്ലെന്നും പറഞ്ഞാല്‍ മാത്രം വിസ്വസിക്കാന്‍ വാര്‍ഡന്‍ ബുദ്ധിമുട്ടുണ്ടാവും.. അപ്പൊ അടുത്ത ഐഡിയ കിട്ടി,,,,,’
ഓടാവുന്ന അത്രയും ഓടുക.. നേരെ അടുക്കളയുടെ പിന്നില്‍ ഉള്ള ഇടുങ്ങിയ വഴി കണ്ടു.. എന്തെങ്കിലും ആകട്ടെ എന്നു കരുതി ഞാന്‍ നടന്നു.. കൂടെ രണ്ട് പയ്യന്സ് കൂടി ഉണ്ട്..
ആ വഴി നടന്നപ്പോള്‍ മോളിലോട്ടുള്ള കോണിപ്പ്ടി കണ്ടു.. ആ സമയം ഫസ്റ്റ് ഫ്ലോറിന്റെ പണി നടക്കുകയാണു.. എന്തൊക്കെ അതിന്റെ മുകളില്‍ ഉണ്ടെന്നു ആര്‍ക്കും അറിയില്ല. ഒരു തരി വെളിച്ചം കൂടെ ഇല്ല.. .. എന്തും വരട്ടെ എന്നു കരുതി കയറി നടന്നു.. ശബ്ദമുണ്ടാക്കാതെ.. വാ‍ര്‍ഡന്റെ മുറിയുടെ മുകളില്‍ എത്തിയതും ബഹളം കേക്കാന്‍ തുടങ്ങി.. നേരത്തേ വാര്‍ഡന്റെ നേരെ നടന്നു പോയ ധൈര്യശാലികള്‍ കാറ്റ് പോയ ബലൂണ്‍ പോലെ അവിടെ നിക്കുന്നു.. അവരെ അപ്പൊ തന്നെ ഹോസ്റ്റലില്‍ നിന്നു പുരത്താക്കും എന്നൊക്കെ ആയിരുന്ന്നു വാര്‍ഡന്‍ പരഞിരുന്നതു.. ഞങ്ങള്‍ സമയം കളയാതെ നടന്നു ഹോസ്റ്റലിന്റെ ഒരറ്റത്തെത്തി. നേരെ താഴെക്ക് ചാടി നിഴല്‍ പറ്റി ഒന്നാം നംബര്‍ മുറിയുടെ മുന്നില്‍ എത്തി.. നോക്കുംബോള്‍ ആറ് പേര്‍ക്കുള്ള മുറിയില്‍ ഒരു പതിനാറ് പേര്‍ ലൈറ്റും ഓഫ് ചെയ്തു പതുങി ഇരിക്കുന്നു.. വാര്‍ഡന്‍ അവരെ പൊരിക്കുന്ന നേരത്തു ഇതു പോലെ ചാടി ചാടി 5)ം നംബര്‍ മുറീയില്‍ എത്തി അവിടെ ഒരു കിടക്ക കണ്ടെത്തി കിടന്നു, പിറ്റെ ദിവസം രാവിലെ തന്നെ ചെന്നു വാര്‍ഡനെ സോപ്പിട്ട് ധൈര്യശാലികളെ രക്ഷിചെടുക്കുകയും ചെയ്തു..

പക്ഷെ ഇപ്പോഴും ഒരു സംശയം ബാക്കി കിടപ്പുണ്ടു.. രണ്ടെണ്ണം വിട്ട് സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്ന വാര്‍ഡന്‍ കറക്റ്റ് റ്റൈമില്‍ ഉറക്കം വിട്ടു എഴുന്നേറ്റതെങ്ങിനെ???