2008-12-25

ക്രിസ്ത്മസ് പ്രാര്‍ത്ഥന

  • സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങയുടെ നാമം വാഴ്ത്തപ്പെടേണമേ, അങ്ങയുടെ രാജ്യം വരേണമേ..
  • എന്നെപ്പോലെ എന്റെ സിസ്റ്റത്തേയും സ്നേഹിക്കാന്‍ എനിക്കു ശക്തി നല്‍കേണമേ..
  • പാപിയായ സഹപ്രവര്‍ത്തകരെ അവരുടെ പാപങ്ങള്‍ക്ക് ശിക്ഷിക്കേണമേ.
  • അപ്പ്രൈസല്‍ സമയത്ത് നീ ഒരു മാലാഖയായി എന്റെ മാനേജറുടെ ഉള്ളില്‍ അവതരിക്കേണമേ..
  • എന്റെ പ്രൊജെക്റ്റിലേക്കു കൂടുതല്‍ സുന്ദരികളായ പെണ്‍കുട്ടികളെ വരുത്തണമേ.
  • ഒന്നു ഉണര്‍ന്നെണീക്കുംബോഴേക്കും കുടവയര് കുറഞ്ഞു ഒരു സിക്സ് പാക്ക് വരുത്തിത്തരണമേ..
  • സിക്സ് പാക്ക് ഇല്ലെങ്കിലും ഒരു ത്രീ പാക്ക് എങ്കിലും തരേണമേ..
  • ഓഫിസ് കഫ്റ്റീരിയ മുതലാളിക്കു നല്ല ഭക്ഷണം പാകം ചെയ്യാന്‍ തോന്നിപ്പിക്കണമേ..
  • മൊബൈല്‍ കമ്പനികള്‍ക്കു കോള്‍ ചാര്‍ജ് കുറക്കാന്‍ തോന്നിപ്പിക്കണമേ
  • അമേരിക്കയിലുള്ള ക്ലൈന്റ് സായിപ്പന്മാര്‍ക്കു എന്നെ ഒണ്‍സൈറ്റ് വിളിക്കാന്‍ തോന്നിപ്പിക്കണമേ..
  • വീടിന്റെ വാടക കുറക്കാന്‍ വീട്ടുടമസ്ഥനു തൊന്നിപ്പിക്കണമേ.
  • ഈ ക്രിസ്മസിനെങ്കിലും ഇറങ്ങുന്ന പടങ്ങള്‍ പൊളി ആകാതിരിക്കേണമേ
  • ഇതൊന്നുമില്ലെങ്കിലും ഈ ക്രിസ്മസിനു തൊണ്ട നനക്കാനുള്ള വകുപ്പെങ്കിലും കിട്ടാനുള്ള വഴിയെങ്കിലും ഒപ്പിച്ചു തരണേ....

2008-12-13

സീസറും ഗാന്ധിയും.... അഥവാ... ഗാന്ധിയും സീസറും


നരയണമംഗലത്തെ ഞങ്ങളുടെ അവസാനത്തെ ദിവസ്സം. അതെന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനവാത്ത ഒന്നാണു. അതിനു പല കാരണങ്ങളുന്ട്. അതില്‍ഒന്നും ഏറ്റവും രസകരവുമായതും ഞങ്ങളുടെ ഒരു സുഹ്രുത്തിന്റെ പരകായപ്രവേശമായിരുന്നു.

ആ സുഹ്രുത്ത് വേറെ ആരുമല്ല പിള്ളേച്ചന്‍ എന്നും ഗാന്ധിപ്പിള്ള എന്നും ഞങ്ങളുദെ ഇടയില്‍ അറിയപ്പെടുന്ന അനൂപ് ആണു. ഈ കക്ഷിയുടെ യഥാര്‍ത്ഥ പേരു അനൂപ് എന്നാണെന്നു പലര്‍ക്കും ഇപ്പോഴും അരിയുന്നുണ്ടാവില്ല. ഞങ്ങളുടെ ഇടയില്‍ അത്രക്കു ഹിറ്റ് ആയ ഒരു പേരാണു ഗാന്ധിപ്പിള്ള എന്നുള്ളതു.


ഈ പിള്ളേച്ചന്‍ ആള്‍ സ്വഭാവം കൊണ്ട് ഒരു കാരണവശാലും ഈ പേരിനു അര്‍ഹനല്ല. രൂപം മാത്രമേ ഉള്ളൂ ഗാന്ധിയുടെ. കൈയിലിരിപ്പ് മഹാ മോശമാണു.. ഞാന്‍ ഈ പോസ്റ്റ് എഴുതുന്നതു എന്റെ ആരോഗ്യത്തിനു വരെ ഹാ‍നികരം ആണു.


പറഞ്ഞ് വന്നത് നാരായണമംഗലത്തെ അവസാനദിവസ്സത്തെക്കുറിച്ചാണു . അന്നു വൈകുന്നേരം മുതല്‍ ഞങ്ങള്‍ കലാപരിപാടികള്‍ തുടങ്ങി. അന്തേവാസികളും അഭയാര്‍ഥികളും അയി ഒരു പട തന്നെ എത്തിച്ചേര്‍ന്നിട്ടുന്ട്.


ഒരു മുറിയില്‍ എന്റെ കമ്പ്യൂട്ടറില്‍ നിന്നും സാമാന്യം നല്ല ഒച്ചയില്‍ പാട്ട് ഒഴുകി വരുന്നുന്ട്. അടുക്കളയില്‍ രന്ടു മൂ‍ന്നു കൊഴികള്‍ കഷ്ണങ്ങളായി വേര്‍ തിരിഞ്ഞ് തിളക്കുന്ന വെള്ളത്തില്‍ കെട്ടിമറിയുന്നു. ദീപു ആയിരുന്നു അതിന്റെ മേല്‍ നോട്ടക്കാരന്‍. പതിവു പോലെ കഷ്ണം മുറിച്ചു കഴിഞതോടെ നിമേഷിനെ അവിടുന്നു പുറത്താക്കി കഴിഞ്ഞിരുന്നു (അദ്ധേഹത്തിന്റെ പാചകകലയിലുള്ള കഴിവു ഞാന്‍ ഇതിനു മുന്‍പു പറഞ്ഞിട്ടുണ്ടല്ലോ..)മറ്റൊരു മുറിയില്‍ ആദ്യത്തെ കുപ്പിയുടെ കഴുത്തില്‍ പിടി മുറുകി കഴിഞ്ഞിരുന്നു. പതിവിനു വിപരീതമായി അന്നു ഒരു പുതുമുഖ കളിക്കാരന്‍ വല്ലാതെ സ്കോര്‍ ചെയ്യുന്നു. പരിചയ സമ്പന്നരായ പലരെയും വെറും കാഴ്ചക്കാരാക്കി ബൌളര്‍മാരെ നിലം പരിശാക്കുന്ന ധോനി യെപ്പോലെ കത്തിക്കയറുന്നു. അതു വേറെ ആരുമല്ല നമ്മുടെ കഥാനായ... സോറി കഥാനായകന്‍ തന്നെ..


ഇനിയും വേണോ മതിയായില്ലേ എന്നു ചോദിച്ചവരുടെ നേരേ പുച്ഛ്ം നിറഞ്ഞ് ഒരു നോട്ടമെറിഞ്ഞ് വീണ്ടും കുപ്പിയിലേക്കു തിരിയും. ഒരു മാതിരി ടി ജി രവി ജയഭാരതിയെ കന്ട പോലെ.


കുറച്ചു കഴിഞ്ഞു നൊക്കുമ്പോള്‍ ഗാന്ധിയെ കാണുന്നില്ല. എല്ലാവരും അത്യാവശ്യത്തിനുള്ള ലെവല്‍ ആയിരുന്ന കാരണം മൂപ്പര്‍ എണീറ്റു പോയത് ആരും കന്ടില്ലായിരുന്നു. സമയം രാത്രി ആയി. വെയിലും ഇല്ല മഴയും ഇല്ല. പക്ഷെ ഞങ്ങളുടെ ഹാളില്‍ ഇട്ടിരിക്കുന്ന കട്ടിലില്‍ ഒരു കുട നിവര്‍ന്നിരിക്കുന്നു. ചെന്നു നോക്കുമ്പോള്‍ ഗാന്ധി..


“ ടാ @#$ എന്താടാ കുടയും പിടിചിരിക്കുന്നെ. എണീറ്റ് വാടാ...”




“ശ്... ഞാന്‍ ഗാന്ധിയല്ല. ഇതു കുടയുമല്ല.... ഞാന്‍ സീസര്‍ ആണു.. ഇത് എന്റെ കിരീടവും.. “


സംഗതി സീരിയസ്സ് ആയൊ. നമ്മള്‍ ഇന്നു സീസര്‍ അല്ലല്ലൊ കഴിച്ചതു. നമ്മള്‍ ഈ സാധനം ഇതു വരെ ഇവിടെ വച്ചു പൊട്ടിച്ചിട്ടുമില്ല.


അപ്പോഴാണു ശ്രദ്ധിച്ചതു സീസറുടെ കഴുത്തില്‍ ഒരു ഇരുമ്പ് ചങ്ങല. ഞാന്‍ പന്ട് എപ്പൊഴോ വാങ്ങിയതാണു ട്രെയിനില്‍ ലഗേജ് പൂട്ടി വക്കാന്‍.


“എന്താടാ കഴുത്തില്‍ ചങ്ങല.. ”


“ഹെയ് ബഹുമാനം കാണിക്കൂ പ്രജകളെ .. ഇത് നമ്മുടെ മേലങ്കി ആണു..”


ഓഹൊ .. കാര്യങ്ങള്‍ അപ്പൊ ഇങ്ങനെ ആണു.


അപ്പൊ അതിലെ വന്ന ഡബിള്‍ എന്നു വിളിക്കുന്ന അരുണിനെ ചൂണ്ടിക്കൊന്ട്,,


“ഇവന്‍ ഫസ്റ്റ് ഇയറില്‍ എനിക്കു വാക്ക് മാന്‍ ചോദിച്ചിട്ട് തന്നില്ല.. ഇവനെ തുറുങ്കിലടക്കൂ...”




എല്ലാ തവണയും ഒരു രക്ത സാക്ഷിയെങ്കിലും ഉണ്ടാകാതെ ഞങ്ങളുടെ മദ്യസദസ്സുകള്‍ പിരിഞ്ഞിട്ടില്ല ഇത്തവണ ലോകം വിറപ്പിച്ച ഒരു രാജാവിനെ കിട്ടിയ സന്തോഷത്തില്‍ ഞങ്ങള്‍ കലാപരിപാടികള്‍ തുടര്‍ന്നു. വേറെ പണി ഒന്നും ഇല്ലാതിരുന്ന ഡബിള്‍ സീസറിന്റെ മന്ത്രി ആയി കൂടെ ഇരുന്നു. അതിനിടയില്‍ ആത്മാവിനു പുക കൊടുക്കാനുള്ള കുന്തിരിക്കം (സിഗരറ്റ്) തീര്‍ന്നു പൊയി.. അതു വാങ്ങിക്കാന്‍ അരെങ്കിലും പോകണം അതായി അടുത്ത ചര്‍ച്ച. ആരെയും വിശ്വസിച്ച് പറഞ്ഞയക്കാന്‍ പറ്റില്ല.. പറഞ്ഞയക്കാന്‍ പറ്റുന്ന കോലത്തിലുള്ളവര്‍ക്ക് മടി.. ഇതും ആലോചിച്ചിരിക്കുമ്പോള്‍ സീസര്‍ വീണ്ടും മിസ്സിങ്ങ്... ഇത്തവണ അന്വേഷണം മുറ്റത്തേക്കെത്തി.. രാജാവു അവിടെ സെന്റര്‍ സ്റ്റാന്റില്‍ ഇട്ടു വച്ചിരുന്ന ദീപുവിന്റെ ബൈക്ക് ആഞ്ഞ് തള്ളുന്നു. ..


“ഡാ #@$@%##@ എന്താടാ ഈ കാണിക്കുന്നതു..”


“ഞാന്‍ സിഗരറ്റ് വാങ്ങാന്‍ പോകുകാരുന്നു വന്ടി ഇട്ക്കു വച്ച് നിന്നു പോയി.. അതാ തള്ളുന്നേ..”


.


.


.

“പട്ടി @#%@^%^%^#^^ മോനെ... കേറി വാടാ അകത്തേക്കു”

മഹാചക്രവര്‍ത്തി ആയ സീസര്‍ ഉണ്ടോ ഞങ്ങള്‍ സാധാരണ ജനങ്ങളുടെ വാക്കു കേള്‍ക്കുന്നു. നേരെ പറമ്പിലേക്ക് നടന്നു. ആധികം നടക്കേന്ടി വന്നില്ല ചക്രവര്‍ത്തി പള്ളി വാള്‍ പുറത്തെടുത്തു...

വാള്‍ എന്നു പറയുമ്പൊള്‍ ഒരു ഒന്നൊന്നര വാള്‍ സാക്ഷാല്‍ ഉടവാള്‍....

പിന്നെ ഓടിപ്പോയി പുറം തടവിക്കൊണ്ടിരിക്കുമ്പോള്‍ സീസര്‍ എന്നെ തിരിച്ചറിഞ്ഞു.. എന്നെ നോക്കി ഒരു ചോദ്യം

“ലാല്‍ ബഹദൂര്‍ ശാസ്ത്രി.. ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി എട്ടില്‍ എന്നെ ഇവര്‍ വെടി വച്ചു കൊന്നില്ലേ...”

എന്റെ മുന്നില്‍ ആ നിമിഷം നിക്കുന്നതു ഗാന്ധി ആണൊ സീസര്‍ ആണൊ എന്ന് എനിക്കും സംശയം തോന്നിപ്പോയി...

2008-12-11

ഒരു ഔട്ട് സോഴ്സിംഗ് സ്വപ്നം ...

ന്യൂ യോര്‍ക്ക് നഗരം.. സമയം വൈകുന്നേരം ഏഴ് മണി..
അലാരത്തിന്റെ അലര്‍ച്ച കേട്ടു ടോം ഹാങ്ക്സ്എഴുന്നേറ്റു.. പതുക്കെ തന്റെ ജനലിലൂടെ പുറത്തു നോക്കി.. കുറെ ചാവാലി പിള്ളേര്‍ ഫുട്ബാള്‍ കളി കഴിഞ്ഞു തങ്ങളുടെ വീടിലേക്ക്‌ പോകുന്നു. ഭാഗ്യവാന്മാര്‍ .. ടോം മനസ്സില്‍ വിചാരിച്ചു.. എന്നിട്ട് നേരെ തന്റെ പ്രഭാത കര്‍മങ്ങളിലേക്ക് തിരിഞ്ഞു.. കുറച്ചു കാലമായി ഇങ്ങനെ ആണ്.. കൃത്യമായി പറഞ്ഞാല്‍ ആറുമാസം മുന്പ് .. അന്നാണ് ഒരു ഇന്ത്യന്‍ കാള്‍ സെന്ററില്‍ ജോലി കിട്ടിയത്. ഇപ്പൊ ജീവിതം രാത്രി ആണ്. ഒമ്പതര മണിക്കൂര്‍ ഇന്ത്യക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. ഹൊ എന്തൊക്കെ ചോദ്യങ്ങളാചിലപ്പോ നല്ല തെറിയും കിട്ടും. മൂന്നു മാസം വേണ്ടി വന്നു ഇവന്മാരുടെ ഭാഷ പഠിക്കാന്‍. നൂറോളം ഭാഷകളുണ്ട്.. ഭാഗ്യത്തിന് മലയാളം സെക്ഷനില്‍ ജോലി കിട്ടി. അത് കൊണ്ടു ശമ്പളം കൂടുതലാ .. ഈ ഭാഷ പഠിക്കാന്‍ഭയങ്കര പണി ആയിരുന്നു .. ആക്സന്റ് ട്രെയിനര്‍ ദിവസവും നാക്ക്‌ വടിച്ചു വരാന്‍ പറയും ഓരോരോ സമ്പ്രദായങ്ങളെ .. അന്നാട്ടുകാര്‍ ദിവസവും പല്ലു തേച്ചു നാക്ക് വടിക്കുമത്രേ പോരാത്തതിന് അവര്‍ paper nu പകരം വെള്ളം ആണ് ഉപയോഗിക്കുന്നത് .. എന്തൊരു നാട്..
"പല വട്ടം കാത്തു നിന്നു ഞാന്‍.... " ഹൊ മൊബൈല് പാട്ട് പാ‍ടി. ഇപ്പൊ റിങ്ടോണ്‍ വരെ മലയാളമാണു. .. cab driver ആയിരിക്കും.. അതെ .
"ഹലോ "
"സാറേ വണ്ടി വന്നിട്ടുണ്ട് "
" O k 2 mins "
അങ്ങനെ ഒരു പുതിയ ദിവസം ഇവിടെ start ചെയ്യുന്നു ...
"Yet another boring working day"... ടോം ഇറങ്ങി.. തന്റെ വണ്ടി നോക്കി നടന്നു....

വണ്ടി കാത്തു നില്ക്കുന്നു .. അതില്‍ വേറെ രണ്ട് പേര്‍ ഉണ്ടായിരുന്നു. ആരോടും ഒന്നും മിണ്ടാതെ കയറി ഇരുന്നു.. ടോമിന്റെ വണ്ടി ഓഫീസ് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു..
ഇരുട്ടിനെ കീറി മുറിച്ചു കൊണ്ടു ആ വണ്ടി ടൈംസ് സ്ക്വയറില്‍ ഉള്ള ചന്ദ്രന്‍ നായര്‍‘സ് ബി പി ഒ. വിന്റെ മുന്നില്‍ ചെന്നു നിന്നു. ഐ ഡി കാര്‍ഡ് പുറത്തെടുത്തു കഴുത്തില്‍ തൂക്കി. നേരെ പുകവലി മൂലയിലേക്കു നടന്നു. പൊക്കെറ്റില്‍ നിന്നു ഒരു പൊതി ദിനേശ് ബീഡി എടുത്തു ചുണ്ടത്തു വച്ചു കത്തിച്ചു. കഴിഞ്ഞ മാസം ഓണ്‍സൈറ്റ് പോയി വന്ന സുഹ്രുത്ത് തന്നതാണു. ഇനി രന്ടെണ്ണം ബാക്കി ഉന്ട്. കത്തിച്ചു നാലു പുക വിട്ട്. കുത്തി കെടുത്തി വച്ചു. ബ്രേക്കിനു ബാക്കി വലിക്കാന്‍. രണ്ടാം നിലയിലെ ഓഫീസിലേക്കു കയറി.. ഇപ്പൊ ലിഫ്റ്റ് ഇല്ല ചിലവു ചുരുക്കല്‍ ആണത്രെ. ഓഫീസിന്റെ ഉള്ളില്‍ കയറി പതുക്കെ നടന്നു. ചുറ്റും ഇരിക്കുന്ന ചരക്കുകളെ എല്ലാം നോക്കി വെള്ളമിറക്കി കൊന്ടു നടന്നു.. അവിടെ ഇരുന്നു ഫോണ്‍ അറ്റെന്ഡ് ചെയ്യുന്ന എലിന ടോമിനെ നോക്കി ഒന്നു ചിരിച്ചു. തിരിച്ചൊരു ചിരി അവനും കൊടുത്തു. നേരിട്ടു സംസാരിക്കാന്‍ ഇതു വരെ ധൈര്യം വന്നിട്ടില്ല. അവളൊക്കെ മലയാളം പരയുന്ന കേള്‍ക്കണം. ശരിക്കും മലയാളികള്‍ പറയുന്ന പോലെ.
തന്റെ സീറ്റില്‍ കയറി ഇരുന്നു ഹെഡ്സെറ്റ് എടുത്തു ഫിറ്റ് ചെയ്തു. ഫോണില്‍ ഐഡി ഡയല്‍ ചെയ്ത് കാത്തിരുന്നു.
ബീപ്. ബീപ്. കോള്‍ വന്നു.....
“ഐ സി ഐ സി ഐ ബാങ്കിലേക്കു സ്വാഗതം. എന്റെ പേരു തൊമ്മിച്ചന്‍. എന്താണു താങ്കളുടെ പേരു”

“ആ‍ാ.. എന്റെ പേരു ജോസ് ന്നാണു. എന്തൂട്ടണു ശവ്യെ നിന്റെ പേരു?”

ശവി നിന്റച്ചന്‍ എന്നു മനസ്സില്‍ പറഞ്ഞു കൊന്ടു വീന്ടും ഫോണില്‍ “തൊമ്മിച്ചന്‍ എന്നാണു സാര്‍”
ആ സാര്‍ വിളി ജോസിനു ശരിക്കും ബോധിച്ചു. “അതു കൊള്ളാം സൂപ്പറ് പേരു. അതെയ് തൊമ്മിച്ചാ.. ഞാന്‍ ഒരു ക്രെഡിറ്റ് കാര്‍ഡിനു വേണ്ടി അപേക്ഷിചിട്ട് ണ്ടാര്‍ന്നേയ്... അതെന്തായീ എന്നറിയാന്‍ വിലിച്ചതാ..”
“സാറിന്റെ ആപ്പ്ലികേഷന്‍ നംബെര്‍ ഒന്നു തരുമൊ”
“ 4 3 8 2 8 9 ന്നണു”
“ഞാന്‍ ഈ നംബെര്‍ ഒന്നു പരിശൊധിക്കട്ടെ ദയവു ചെയ്തൂ ലൈനില്‍ തുടരൂ സാര്‍”
“ഓ പിന്നെന്താ‍...”
ടോം ധ്രിതി പിടിച്ചു കിട്ടിയ തും വച്ചു കമ്പ്യൂട്ടരില്‍ തപ്പി പിടിക്കുന്നു. രണ്ടു മിനിറ്റിനു ശേഷം തന്റെ കണ്ടു പിടിത്തവുമായി തിരിച്ചു ഫോണിലേക്ക്.
“സാര്‍. ഈ അപ്പ്ലിക്കേഷന്‍ പ്രകാരം താങ്കള്‍ക്കു കാര്‍ഡ് ഡെലിവര്‍ ചെയ്തു കഴിഞ്ഞു എന്നാണു അറിയാന്‍ കഴിഞ്ഞത്. താങ്കള്‍ക്കു ഇനിയും ഈ കാര്‍ഡ് ലഭിച്ചിട്ടില്ലേ? “
“ഓ.. കാര്‍ഡ് എല്ലാം കിട്ടി മോനെ... വെറുതെ ഒരു സായിപ്പിന്റെ വായില്‍ നിന്നു സാറെ എന്നു വിളിക്കണ കേള്‍ക്കാന്‍ വിളിച്ചതാണ്‍ന്ന്.. എന്തായാലും നീയ് ആളു കൊള്ളാട്ടാ..”
പട്ടി #$@% മോന്‍.. “ഐ സി ഐ സി ഐ ബാങ്കിലേക്കു വിളിചതില്‍ വളരെ നന്ദി. വീണ്ടും വിളിക്കുക”
.............................. “പല വട്ടം കാത്ത് നിന്നു ഞാന്‍....“ ഹൊഹ്.. ഞാന്‍ ഞെട്ടിപ്പിടഞ്ഞെണീറ്റു. ഫോണ്‍ ബെല്ലടിക്കുന്നു..
“ഹെലൊ”
“സാര്‍ ക്യാബ് വേയ്റ്റിങ്ങ് സാര്‍”
സ്ഥലം ബാങ്ക്ലൂര്‍. സമയം വൈകുന്നേരം എട്ടു മണി.
“വാട്ട് ?”
“സാര്‍ ക്യാബ് വേയ്റ്റിങ്ങ് സാര്‍. കം ഫാസ്റ്റ് സാര്‍”
“ഓ കേ.. 2 മിനിറ്റ്സ്”
പല്ലു പോലും തേക്കാതെ ഇന്നലെ ഇട്ട ജീന്‍സും വലിച്ചു കേറ്റി. . ഡെനിം സ്പ്രേ ദേഹം മുഴുവന്‍ പൂശി.. ഞാന്‍ ഒഫീസില്‍ പോകാന്‍ തയ്യാറായി....
നേരെ ക്യാബിലേക്കു..


2008-12-10

വാഴ ചുവട്ടിലെ മോട്ടോറോള ഫോണ്‍

ഈ ടൈറ്റില്‍ കേട്ടാലെ പലര്ക്കും ഊഹിക്കാന്‍ പറ്റും..

നാരായണമംഗലത്തെ ഒരു പ്രധാന കഥ പത്രമാണ്‌.. ഏതാ നിന്റെ ദേശം എന്ന് ചോദിച്ചാല്‍ കൊയിക്കൊടാണ് എന്ന് പറയും..

നാരായണമംഗലത്തെ ഏക വണ്ടി മുതലാളി ആണ് കക്ഷി.. ആദ്യമായി മൊബൈല് ഫോണ്‍ വാങ്ങിച്ചതും ഈ കക്ഷി തന്നെ,.. എല്ലാത്തിലും ആദ്യം ഏതാനം എന്നത് ഇവന്റെ ഒരു വാശി ആണ്.. അത് കൊണ്ടു തന്നെ ആണ് കോളേജില്‍ ചേര്ന്നു രണ്ടാം ദിവസം ക്ലാസ്സിലെ പെന്കൊചിനോട്.. " എടി പെന്കൊച്ചേ ഐ ലവി " എന്ന് പറഞ്ഞതു.. പാവം കൊച്ചു പേടിച്ചു പോയി വേറെ പയ്യനോട് ഐ ലവീ പറഞ്ഞു.. ( അവര്‍ ഇപ്പൊ സുഖമായി കഴിയുന്നു ) നമ്മുടെ മുതലാളി വെറുതെ വിടുമോ.. ക്ഷീണിക്കാതെ തന്റെ വളയും വള്ളവുമായി കോളേജില്‍ മുഴുവന്‍ വലവീശി നടന്നു.. അധികം വൈകാതെ മീന്‍ കിട്ടുകയും ചെയ്തു... ഇപ്പൊ ആശാന്‍ വീണ്ടും വല പുറത്തെടുത്തു എന്നാണ് ബാഗ്ലൂര്‍ ന്യൂസ് ബ്യുറോ റിപ്പോര്ട്ട് ചെയ്യുന്നത്.

ഇദ്ദേഹവും ഒരു മികച്ച പാച്ചകക്കരനയിരുന്നു .. നാരായണ മംഗലത്തെ സദസ്സ്കള്‍ക്ക് എരിവും പുളിയും നല്‍കിയിരുന്നത് ഇദ്ദേഹത്തിന്റെ മലബാര്‍ കോഴി കറിആയിരുന്നു .... അന്ന് പെഗ് ഒഴിക്കാന്‍ പോലും അറിയാതിരുന്ന പയ്യന്‍സ് ഇന്നു വളര്ന്നു വലുതായി ബാഗ്ലൂര്‍ മേഖലയില്‍ പേരു കേട്ട ഒരു കുടിയന്‍ ആയി മാറി..

ബാഗ്ലൂര്‍ ഉള്ള ഒട്ടു മിക്ക പെണ്‍പിള്ളേര്‍ ടെയും രോമാന്ച്ചം ആണ് താനെന്നാണ് അവകാശ വാദം .. ആ കാര്യത്തില്‍ ഇവനെ വിശ്വസിക്കാന്‍ കൊള്ളില്ല..

എടാ അടിപൊളി ചരക്കു എന്ന് ഇവന്‍ പറഞ്ഞിട്ടുള്ള ഒരു കൊച്ചിനെയും പകല്‍ വെളിച്ചത്തില്‍ കണ്ടാല്‍ ആരും തിരിഞ്ഞു നോക്കില്ല... ആ കാര്യത്തില്‍ വളരെ വ്യത്യസ്ത മായ ഒരു രുചി ഇവന്‍ സൂക്ഷിക്കുന്നു...



അപ്പോഴും ഈ ടൈറ്റില്‍ എങ്ങനെ മാച്ച് ആകുന്നെന്ന സംശയത്തില്‍ ആയിരിക്കും വായനക്കാര്‍ ... ഇധേഹത്തിനു ഒരു ഹോബി ഉണ്ടായിരുന്നു. ദിവസം മുഴുവന്‍ ഫോണ്‍ വിളിച്ച് വഴക്കുണ്ടാക്കും,,, വഴക്കുണ്ടാക്കാന്‍ അന്ന് അധികാരം ഉണ്ടായിരുന്ന ഒരാലോടയിരുന്നുഈ വഴക്കെല്ലാം,, വഴക്ക് മൂത്ത് തന്റെ ഫോണ്‍ എടുത്തു പറമ്പിലേക്ക്‌ വലിച്ചെറിയും എല്ലാ ഞായറാഴ്ചയും ഫോണ്‍ പല തവണ അവിടുത്തെ വഴച്ചുവട്ടില്‍ നിന്നു പെറുക്കി എടുക്കേണ്ടിയും വന്നിട്ടുണ്ട്..

ആളുടെ പേരിവിടെ പറയുന്നില്ല ഊഹിക്കവുന്നവര്‍ ഊഹിച്ചോ.. വേണമെന്കില്‍ ഒരു ക്ലൂ തരാം



ദിവകരനിലുണ്ട് ദാമോധരനിലില്ല

പക്കിയിലുണ്ട് പക്ഷിയില്‍ ഇല്ല .. ;)



2008-11-13

നാരായണമംഗലം.. ഗുഡ് ഓള്‍ഡ് ടൈംസ്‌


















നാരായണമംഗലം


എന്റെ ജീവിതത്തിലെ ഒരു പാടു സംഭവങ്ങള്‍ നടന്ന സ്ഥലം.. ഞാന്‍ ജനിച്ചു വളര്‍ന്നതല്ലെന്കിലും എന്റെ തറവാടാണ് ഇതു. ഞാന്‍ എന്റെ കോളേജ് ജീവിതത്തിലെ അവസാന മൂന്നു വര്‍ഷങ്ങള്‍ ജീവിച്ചു തീര്‍ത്ത ഞങ്ങളുടെ സ്വന്തം തറവാട്.





ഒന്നാം വര്ഷം എഞ്ചിനീയറിംഗ് കഴിയാറായപ്പോഴേക്കും ഞങ്ങള്‍ ചിലര്‍ക്ക് ഒരു കാര്യം ഉറപ്പായിട്ടുണ്ടായിരുന്നു... കോളേജ് ഹോസ്റ്റല്‍ലില്‍ ഞങ്ങളെ ഇനി കയറ്റില്ല.. അഥവാ കയറ്റിയാലും ഞങ്ങള്‍ കയറില്ല. അങ്ങനെ ഫസ്റ്റ് ഇയര്‍ പരീക്ഷ കഴിയുമ്പോഴേക്കും ഒരു താമസസൌകര്യം തരപ്പെടുത്തിയെടുക്കണംഅങ്ങനെ ദൈവാനുഗ്രഹം കൊണ്ടു കിട്ടിയ ഒരു സെറ്റപ്പ് ആണ് ഈ തറവാട്. നാരായണമംഗലം.





ധാരണ പ്രകാരം താമസക്കാര്‍ ഏഴ് പേര്‍ മാത്രമെ ഉള്ളു എങ്കിലും ഇതു പലര്ക്കും ഒരു താല്‍കാലിക വീട് ആയിരുന്നു... അങ്ങനെ ആ നാട്ടിലെ പേരു കേട്ട ഒരു തറവാട് സമീപത്തുള്ള ഒരു കോളേജിലെ വളരെ മിടുക്കന്മാരും സല്സ്വ്ഭാവികളും ആയ ഏതാനും ചില വിദ്യാര്‍ത്ഥികളുടെ അവഅസ കേന്ദ്രമായി തീര്ന്നു


ആ മൂന്നു കൊല്ലത്തിനുള്ളില്‍ ആ വീട് പൊളിഞ്ഞു വീഴാഞ്ഞതു അത് പണിയിച്ച ഗോപാലന്‍ മാഷ്ന്റെ പുണ്യം ഒന്നു കന്‍ഒണ്ടു മാത്രം ആണ്.





അങ്ങനെ ഞങ്ങള്‍ മൂന്നു കൊല്ലം അര്‍മ്മാദിച്ചു ജീവിച്ച ആ തറവാടിന്റെയും ഞങ്ങള്‍ അവിടെ കാണിച്ചു കൂട്ടിയ തോന്നിയവാസങ്ങളുടെയും ഓര്‍മയ്ക്ക് മുന്നില്‍ ഞാന്‍ ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു.





ഇനി വരാന്‍ പോകുന്ന പോസ്റ്റ് കളില്‍ ഞാന്‍ ഈ തറവാടിനെയും അവിടുത്തെ പാര്‍ട്ട് ടൈം ഫുള്‍ ടൈം താമസക്കാരെയും പരിച്ചയപ്പെടുതുന്നതായിരിക്കും