2009-11-13

ഇതു പൂട്ടിയിടാ‍ന്‍ എനിക്കെന്താ വട്ടാണൊ??

പതിവു പോലെ ഗൂഗിള്‍ റീഡറില്‍ കയറി പുതിയ പോസ്റ്റുകള്‍ വായിക്കാന്‍ തുടങ്ങുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കണ്ടത് നമ്മുടെ കുറുപ്പ് തന്റെ കണക്കുപുസ്തകം പൂട്ടുന്നെന്ന്..
അങ്ങനെ സംഭവിക്കാനുള്ള സാധ്യതകളെ കുറിച്ച് തല പുണ്ണാക്കാതെ ഞാന്‍ നേരെ ആ പോസ്റ്റില്‍ പോയപ്പോഴാണ് സംഭവം പിടികിട്ടുന്നത്.. ഒന്നാം പിറന്നാള്‍ പ്രമാണിച്ച് കുറുപ്പ് ഒരുമണിക്കൂറ് നേരത്തേക്കു അടച്ചിടുന്നതാണ് അല്ലാതെ ഇതു അടച്ചു പൂട്ടീ പറ്റുപുസ്തകം തുടങ്ങാനൊന്നുമല്ല എന്നു..

പിന്നെ ആണു ആലോചിച്ചതു ഞാനും ഏതാണ്ട് ഈ സമയത്താണു ഈ അഭ്യാസം തുടങ്ങിയതെന്നു.. സംശയം തീര്‍ക്കാന്‍  വേണ്ടി ഇവിടെ വന്നപ്പോള്‍ സംഗതി കറക്റ്റ്.. ഞാനും എന്റെ ആദ്യത്തെ പോസ്റ്റ് ഇടുന്നത് കഴിഞ്ഞ നവംബര്‍ 13 നു ആണു.. :) 
ഈ നവംബര്‍ മാസം എന്റെ ജീവിതത്തില്‍ ഒരു പാടു പ്രാധാന്യമുള്ളതാണു.. നല്ലതും ചീത്തയും ആയി ഒരു പാട പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുള്ള മാസം ആണു അത് കൊണ്ടു തന്നെ ഈ നവംബറിനോട് എനിക്ക് വല്ലാത്ത ഒരു പ്രണയം ആണ്.. 

ഈ ബ്ലോഗ് തുടങ്ങുമ്പോള്‍ എനിക്ക് അതില്‍ എന്തെഴുതണം എങ്ങനെ എഴുതണം എന്നൊന്നും വലിയ ഐഡിയ ഉണ്ടായിരുന്നില്ല.. എല്ലാം തോന്നിയ സമയത്ത് തോന്നിയതെഴുതി അങ്ങനെ തുടര്‍ന്നു..  അന്നു മുതല്‍ കമന്റുകളുടെ രൂപത്തിലും മെയിലുകളുടെ രൂപത്തിലും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹ്രുത്തുക്കളോടും നന്ദി പറയുന്നു.. 


കുറുപ്പ് ഒന്നാം പിറന്നാളിനു ഒരു മണിക്കൂറ് കണക്കു പുസ്തകം അടച്ചു വച്ച പോലെ ഞാന്‍ എന്തു ചെയ്യണം എന്നു ഞാന്‍ അധികം ഒന്നും ആലോചിക്കാന്‍ നിന്നില്ല.. കാരണം കുറുപ്പിന്റെ കണക്കു പുസ്തകം ഒരു ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പ് പോലെ ആണു അടച്ചിട്ടാലും അതു തുറക്കുന്ന വരെ സമാധാനമായി ക്യൂ നിക്കാന്‍ ആളു കാണും..
അതു കൊണ്ടു ഞാന്‍ ഇതു അടക്കാനൊന്നും നില്‍ക്കുന്നില്ല.. തുറന്നു തന്നെ ഇടുന്നു..

എന്നത്തെയും പോലെ നാരായണമംഗലം അതിഥികളെയും കാത്തിരിക്കുന്നു..

2009-10-07

ചരിത്ര പ്രസിദ്ധമായ വാളുകള്‍...



എന്നാണു ഞാന്‍ ആദ്യമായി മ്യൂസിയം കാണാന്‍ പോയതെന്നറിയില്ല.. പക്ഷെ ആദ്യം പോയതു ത്രിശൂറ് മ്യൂസിയത്തില്‍ ആണെന്ന കാര്യം ഉറപ്പാണു.. അതിനു ശേഷം എത്ര സ്ഥലങ്ങളില്‍ പോയിരിക്കുന്നു.. എവിടെ പ്പോയാലും ആരുടെയെങ്കിലും വാള്‍ അവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ടാവും അതിപ്പോ ശക്തന്‍ തമ്പുരാനാണെങ്കിലും ടിപ്പു സുല്‍ത്താനാണെങ്കിലും മാര്‍ത്താണ്ഠവര്‍മ ആണെങ്കിലും.. അതൊക്കെ സൂക്ഷിക്കാന്‍ ആളുകള്‍ ഇഷ്ടം പോലാണു.. പഴയ രാജാക്കന്മാരുടെ ഒക്കെ ഒരു ഭാഗ്യം..
ഇപ്പൊ വാളിന്റെ ഒക്കെ കാലം കഴിഞ്ഞു കത്തികളുടെ കാലം ആണെന്നാണു പറയപ്പെടുന്നത്.. എസ് കത്തി വൈ കത്തി എക്സ് കത്തി തുടങ്ങി ക്ഷ, ത്ര, ജ്ഞ വരെ ഷേപ്പിലുള്ള കത്തികള്‍ ഉണ്ടെന്നു പറയപ്പെടുന്നു.. കാലം പോയ പോക്കെ..

എന്നാലും വാളിന്റെ കാലം കഴിഞ്ഞു എന്നൊക്കെ പറഞ്ഞാല്‍ അങ്ങനങ്ങു സമ്മതിച്ചു കൊടുക്കാന്‍ പറ്റുമോ.. അങ്ങനെ നാട്ടുകാര്‍ മുഴുവന്‍ സമ്മതിച്ചാലും ഞാന്‍ സമ്മതിക്കുമോ.. മലയാളികള്‍ സമ്മതിക്കുമോ.. ഒരു പക്ഷെ മലയാളികള്‍ ഒന്നടങ്കം ഒരു പാര്‍ട്ടിക്കു കീഴില്‍ അണി നിരന്നാല്‍ അതിന്റെ ചിഹ്നം വരെ വാള്‍ ആയിരിക്കും എന്നതിനു സംശയം വേണ്ട.. (അത്രക്കധികം വാളുകള്‍ ആണല്ലോ കേരളത്തില്‍ ദിവസവും പണിയപ്പെടുന്നത്.. )ഞാനും പല വാളുകള്‍ കണ്ടിട്ടുണ്ട്.. അതില്‍ ചരിത്ര പ്രസിദ്ധമായ ചിലവാളുകള്‍ ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നു..

  • ചാണ്ടിച്ചന്റെ വാള്‍
  • പുസല വാള്‍
  • ഡീസന്റ് വാള്‍ (പട്ടര്‍ വാള്‍ എന്നും പട്ടാളം വാള്‍ എന്നും അറിയപ്പെടുന്നു)
  • വാളുവിഴുങ്ങി വാള്‍
  • ഭായി വാള്‍
ചാണ്ടിച്ചന്റെ വാള്‍: ഇത് അല്പം അഹങ്കാരം കലര്‍ന്ന വാള്‍ ആണു. ഞാന്‍ എത്ര അടിച്ചാലും വാള്‍ ആവില്ല എന്ന അമിത വിശ്വാസത്തില്‍ വാശിക്കു കുടിക്കുകയും, മലയാളത്തില്‍ ചോദിച്ചാല്‍ ഇംഗ്ലീഷില്‍ ഉത്തരം പറയുന്ന ലെവെലില്‍ എത്തുകയും ചെയ്യുന്ന ലെവെലില്‍ എത്തുകയും. പിന്നെ സ്ഥലകാല ബോധമില്ലാതെ വാളൂരി വീശുകയും ചെയ്യുന്ന പ്രതിഭാസം ആണിതു.. ടെറസ്സിന്റെ മുകളില്‍ നിന്നു മുറ്റത്തേക്ക് വാളു വച്ച് ആരും കണ്ടില്ലെന്നു സമാധാനിക്കുന്നതും, കിടക്കപ്പായയില്‍ ഇരുന്നു കൊണ്ട് സ്വന്തം മടിയില്‍ വാളു വച്ചതിനു ശേഷം പിറ്റേന്ന് രാവിലെ “ആരാണ്ട്രാ എന്റെ മേത്ത് വാളു വച്ചതു ” എന്നു അക്രോശിക്കുന്നതും ഈ വാളിന്റെ ലക്ഷണം ആണു..

പുസല വാള്‍: ഞാന്‍ ഇതു വരെ കണ്ടതില്‍ വച്ച് ഏറ്റവും മൂര്‍ച്ചയേറിയതും ഭാരമേറിയതുമായ വാള്‍ ആണിത്. മാട് കാടി മോന്തുന്ന പോലെ മുന്നിലുള്ള ഗ്ലാസിലുള്ളതു എന്താണെന്നു പോലും നോക്കാതെ മടമടാന്ന് അകത്താക്കി സ്ഥലകാലബോധം തീരെ ഇല്ലാതെ ഒരു മാതിരി അല്‍ഷിമേഴ്സ് രോഗിയുടെ അവസ്ഥയില്‍ പണിയുന്ന വാള്‍ ആണിതു. ഈ വാള്‍ പണിയുന്ന ആളെ നമുക്കു ഒരിക്കലും പിടിച്ചാല്‍ കിട്ടാറില്ലാ അഥവാ കിട്ടിയാലും കയില്‍ നിന്നു വഴുതി പോകുന്നതായിരിക്കും. കമിഴ്ന്നു കിടന്നു കഴുത്തിനു വ്യായാമം നല്‍കുന്ന പോലെ ഇടതും വലതും നോക്കിയാണു ഇതു പണിയുന്നതു.. ഉറങ്ങിക്കിടക്കുന്നവന്റെ തല വാഷ് ബേസിന്‍ ആണെന്നു തെറ്റിദ്ധരിക്കുന്നതും ഈ വാളിന്റെ ലക്ഷണം ആണ്.

ഡീസന്റ് വാള്‍ (പട്ടര്‍ വാള്‍ എന്നും പട്ടാളം വാള്‍ എന്നും അറിയപ്പെടുന്നു): തന്റെ കഴിവുകളും പരിമിതികളും മനസ്സിലാക്കി വേറെ ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു കസേര വലിച്ചിട്ടു സ്വസ്ഥമായി പണിയുന്ന വാളുകള്‍ ആണിതു.. ചിലപ്പോള്‍ ഔട്ട് ഡോര്‍ ആണെങ്കില്‍ പലരൂപത്തിലുള്ള വാളുകളും പണിയപ്പെടുന്നതായിരിക്കും. എക്സ്: വട്ടത്തില്‍ വാള്‍..

വാളുവിഴുങ്ങി വാള്‍: താന്‍ ഒരിക്കലും വാള്‍ പണിയില്ലെന്നും, വാള്‍ പണിയാതിരിക്കാന്‍ വരുന്ന വാളിനെ വിഴുങ്ങി അതിന്റെ മേല്‍ ഒരെണ്ണം വീശിയാല്‍ മതിയെന്നും ഉള്ള ചരിത്രപരം ആയ കണ്ടു പിടിത്തത്തില്‍ നിന്നാണു ഈ വാളിന്റെ ഉല്‍ഭവം. വിഴുങ്ങിയതും ചെലുത്തിയതും മോന്തിയതും എല്ലാം ചേര്‍ത്ത് ഒരു അതി ഭയാനകം ആയ വാള്‍ ആയിരിക്കും അതിന്റെ അവസാന ഉല്പന്നം അല്ല്ങ്കില്‍ ഫൈനല്‍ പ്രൊഡക്റ്റ്.

ഭായി വാള്‍: ഞാനിതാ വാളായേ എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഓടി നടന്നു പണിയപ്പെടുന്ന വാളുകളെ ആണു ഭായി വാള്‍ എന്നു പറയപ്പെടുന്നത്. പണ്ട് വടക്കന്‍ പാട്ടു സിനിമകളില്‍ നസീറും ജയനും കാണിച്ചിരുന്ന വാള്‍പയറ്റുകളുടെ ഭംഗിയും താളവും എല്ലാം ഇതു പണിയുന്നവറ് കാണിക്കും. ഓടിയും ചാടിയും, ഞെരിഞ്ഞമര്‍ന്നും, വലതു മാറിയും, ഇടതു മാറിയും ഒക്കെ പണിയുന്ന ഈ വാളും അപകടകാരിയാണു..

ഇനിയും ഉണ്ടു പലതരം വാളുകള്‍ പക്ഷേ എഴുതാന്‍ സമയം ഇല്ല.. ഈ പറഞ്ഞ വാളുകള്‍ക്കൊക്കെ പേറ്റന്റ് ഉണ്ടെന്നും പറഞ്ഞു ഇതിന്റെ ഒക്കെ ഉപ്ജ്ഞാതാക്കള്‍ കേസ് കൊടുക്കുകയോ, ആളെ വിട്ടു തല്ലിക്കുകയോചെയ്തില്ലെങ്കില്‍ അടുത്ത പോസ്റ്റ് ഇടാം..
:)



ഓടോ: നാരായണമംഗലത്തെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടിയിട്ടുള്ള പലവിധം വാളുകള്‍ ആണു ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്... അതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഞാന്‍ തയ്യാറല്ല.. 
 




2009-09-10

യുദ്ധപ്പറവകള്‍ ചിറകറ്റു വീഴുമ്പോള്‍...

ഞാന്‍ എന്റെ എന്‍ജിനിയറിങ്ങ് പഠനത്തിന്റെ അവസാനവര്‍ഷം പ്രൊജെക്റ്റ് എന്ന പേരില്‍ എറണാകുളത്തു കറങ്ങി നടക്കുന്നതിനിടയില്‍ ആണു ശ്രീധറില്‍ വച്ച് രംഗ് ദേ ബസന്തി എന്ന സിനിമ കാണുന്നത്. കുഞ്ഞുന്നാള്‍ മുതല്‍ ചോറിനൊപ്പം ദേശസ്നേഹം ഒരുപാട് ഊട്ടി വളര്‍ത്തിയതു കൊണ്ടായിരിക്കണം ആ സിനിമയും അതിലെ കഥാപാത്രങ്ങളും എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു...

ഇപ്പോള്‍ ഇന്ന് ഓര്‍കുട്ടില്‍ കറങ്ങി നടക്കുന്നതിനിടയില്‍ എന്റെ ഒരു പൈലറ്റ്(വ്യോമസേന) സുഹ്രുത്തിന്റെ പ്രൊഫൈലില്‍ കണ്ട ഒരു അപ് ഡേറ്റ്.. “Lost one more coursemate to a MiG-21 ”

നമ്മുടെ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ അരിവിഹിതത്തില്‍ നിന്നും മാന്തിയെടുത്തു യുദ്ധ ഫണ്ടുകള്‍ രൂപീകരിക്കുന്ന സര്‍ക്കാരേ.. ഒന്നു മനസ്സിലാക്കു,, നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യുന്നതു മനുഷ്യരാണു..
രാജ്യത്തിനു വേണ്ടി ജീവന്‍ ദാനം ചെയ്യാന്‍ വരെ തയ്യാറായ ഒരു കൂട്ടം ധീരന്മാര്‍. അവരെ നമ്മള്‍ തന്നെ കൊല്ലണോ??
പാകിസ്താനെതിരെ യുദ്ധം വേണമെന്നു മുറവിളി കൂട്ടുന്ന പ്രതിപക്ഷ യോഗ്യന്മാരെ.. യുദ്ധം ചെയ്യാ‍ന്‍ നിങ്ങളില്‍ എത്ര പേരുടെ മക്കളെ അയക്കാന്‍ നിങ്ങള്‍ തയ്യാറുണ്ട്??

ഈ വര്‍ഷം മിഗ് വിമാനം തകര്‍ന്നു മരിക്കുന്ന 7 ആമത്തെ പൈലറ്റ് ആണു ഇന്നു മരിച്ചത്.

വാര്‍ത്ത ഇവിടെ വായിക്കാം

ഇനി എത്ര പേര്‍ക്ക് ഇങ്ങനെ ഒരു ഗതി വരാം..

GOD SAVE THE WORLD